thrissur local

ജില്ലയില്‍ പ്രവേശനോല്‍സവത്തോടെ അധ്യയനവര്‍ഷത്തിനു തുടക്കമായി

തൃശൂര്‍: പ്രവേശനോല്‍വസത്തോടെ ജില്ലയില്‍ അധ്യയന വര്‍ഷത്തിനു തുടക്കമായി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കലാപരിപാടികള്‍ നടത്തിയും ടൗണുകളിലൂടെ ഘോഷയാത്രയായി ആനയിച്ചുമൊക്കെയാണ് അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന കുട്ടികളുമെല്ലാം കുരുന്നുകളെ അക്ഷരമുറ്റത്തേക്കു കൈപ്പിടിച്ച് കയറ്റിയത്. കുട്ടികളുടെ അഭിരുചി മനസിലാക്കി അവരുടെ സര്‍ഗവാസനകളെ വളര്‍ത്താന്‍ ഉതകുന്നതാവണം വിദ്യാഭ്യാസമെന്ന് സി എന്‍ ജയദേവന്‍ എംപി പറഞ്ഞു. ആലപ്പാട് ഗവ. എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പൊതുവായ വികസനപരിപാടികളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും അവരെ അതില്‍ പങ്കാളികളാക്കാനും കഴിയുന്ന വിധത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങളുണ്ടാവണം. ഇക്കാര്യത്തിലാണു രക്ഷിതാക്കളും അധ്യാപകരും പ്രതേ്യക ശ്രദ്ധ പതിപ്പിക്കേണ്ടത്. ആലപ്പാട് ജിഎല്‍പിഎസ്സില്‍ പുതിയ ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ എംപി ഫണ്ടില്‍ നിന്ന് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും എംപി അറിയിച്ചു. നിയുക്ത എംഎല്‍എ ഗീതാ ഗോപി മുഖ്യാതിഥിയായിരുന്നു.
ജൂണ്‍ അവസാനത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നു ചടങ്ങി ല്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അറിയിച്ചു. 80 ശതമാനം പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിയിട്ടുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവാണ് ആലപ്പാട് ഗവ. എല്‍ പി സ്‌കൂള്‍ ജില്ലാ പ്രവേശനോല്‍സവത്തിന് വേദിയായി തിരഞ്ഞെടുക്കാന്‍ കാരണമെന്നും മികവു പുലര്‍ത്തുന്നവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെയും എസ്എസ്എയുടേയും പ്രത്യേക പ്രോല്‍സാഹനം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗജന്യ പാഠപുസ്തക വിതരണം, സൗജന്യ യൂനിഫോം, പഠന കിറ്റ് എന്നിവയുടെ വിതരണം, എന്നിവ യഥാക്രമം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി, ചാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷ ന്‍, വൈസ് പ്രസിഡന്റ് വി ആര്‍ ബിജു എന്നിവര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ മുഖ്യപ്രഭാഷണം നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ മനോഹരന്‍, ചാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഷജിത സുനില്‍, വിജി ഷണ്‍മുഖന്‍ (വികസനം), ഇ സി രാമചന്ദ്രന്‍ (ക്ഷേമകാര്യം), പിടിഎ പ്രസിഡന്റ് വി എസ് സുദീപ്കുമാര്‍, ആമിന പ്രധാന അധ്യാപിക പി സി ശ്രീലത സംസാരിച്ചു. വര്‍ണാഭമായി അണിയിച്ചൊരുക്കിയ വിദ്യാലയങ്ങളില്‍ കുട്ടികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രകളും വിവിധ കലാസാംസ്‌കാരിക പരിപാടികളും മധുര പലഹാര വിതരണവും പ്രവേശനോല്‍സവത്തിനു മാറ്റുകൂട്ടി. മാള ഉപജില്ലാതല പ്രവേശനോല്‍സവം മാള സൊക്കോര്‍സൊ കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു.
മാള എഇഒ വി സി റൂബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, ഡയറ്റ് ഫാക്കല്‍റ്റി പ്രമോദ്, ബിപിഒ ജിസി റോഡ്രിക്‌സ് സംസാരിച്ചു. കുഴൂര്‍ ഗവ. ഹൈസ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിജി വില്‍സന്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സലിം എരവത്തൂര്‍ അധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് സി ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ ഗവ. യു പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം വാര്‍ഡംഗം പ്രഭാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭയുടെ പ്രവേശനോല്‍സവം സേക്രഡ് ഹാര്‍ട്ട് എല്‍പി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. സി മെറിറ്റ അധ്യക്ഷത വഹിച്ചു. പി ആര്‍ രമണി, എംപിടിഎ പ്രസിഡന്റ് ധനസ്മിത, ബിജു, പ്രിന്‍സി ജോസഫ് സംസാരിച്ചു. കളഭകുറി തൊടീച്ചാണ് നവാഗതരായ വിദ്യാര്‍ഥികളെ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it