kannur local

ജില്ലയില്‍ പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു

തലശ്ശേരി: സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് ജാഗ്രതക്കുറവ് കാരണം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നു. സംസ്ഥാനത്ത് കുട്ടികള്‍ക്കു വേണ്ടി പ്രത്യേക കോടതിയുള്ളത് മൂന്നിടത്തു മാത്രം. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രത്യേക പോക്‌സോ കോടതികള്‍ ഉള്ളത്. മറ്റു ജില്ലകളില്‍ പോക്‌സോ കോടതികളായി പ്രവര്‍ത്തിക്കുന്നതാവട്ടെ അഡീഷനല്‍ ജില്ലാ കോടതികളും. പോക്‌സോ കേസുകള്‍ക്ക് മാത്രമായി പ്ലബിക് പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതും കേസുകളെ ബാധിക്കുന്നു. സംസ്ഥാനത്തുടനീളം ഏഴായിരത്തിലേറെ കേസുകളാണ് ഇങ്ങനെ തീര്‍പ്പാവാന്‍ ശേഷിക്കുന്നത്. പോക്‌സോ നിയമപ്രകാരം കണ്ണൂര്‍ ജില്ലയില്‍ മാത്രം 2658 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ 2015ല്‍ 69 ആയിരുന്നു രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. 2017ല്‍ 147 കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതിനിടയിലുള്ള വിവിധ വര്‍ഷങ്ങളില്‍ പോക്‌സോ കേസുകളുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധയുണ്ടായി. പോക്‌സോ കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തലസ്ഥാന ജില്ലയിലാണ്. കുറവ് വയനാട്ടിലും. കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക കോടതിയിലും ജില്ലാ കോടതികളിലുമാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്. കേസുകള്‍ വൈകിപ്പിക്കുമ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ കുട്ടികള്‍ മറക്കും. അത് വിചാരണയില്‍ പ്രതികള്‍ക്ക് സഹായകരമാവും. ഒപ്പം കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നത് കേസിനെ ബാധിക്കുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പോക്‌സോ നിയമത്തിന്റെ 35 (2) വകുപ്പുപ്രകാരം പരമാവധി ഒരുവര്‍ഷത്തിനകം കേസുകളില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്നാണ് ചട്ടം.
Next Story

RELATED STORIES

Share it