palakkad local

ജില്ലയില്‍ പാല്‍ സംഭരണത്തില്‍ വര്‍ധനവ് : പ്രതിമാസം സംഭരണം 7.8 ലക്ഷം ലിറ്റര്‍ പാല്‍



പാലക്കാട്: ക്ഷീരമേഖലയില്‍ നടത്തിയ ഫലപ്രദമായ ഇടപെടലിലൂടെ ജില്ലയിലെ പ്രതിമാസ പാല്‍ സംഭരണം ശരാശരി രണ്ട് ലക്ഷം ലിറ്റര്‍ വര്‍ധിച്ച് 7.8 ലക്ഷം ലിറ്ററായി ഉയര്‍ത്താന്‍ സാധിച്ചതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി സുരേഷ്‌കുമാര്‍ അറിയിച്ചു.  2016-17 സാമ്പത്തിക വര്‍ഷം 15.51 കോടിയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയത്. ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍, തീറ്റ പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് വകുപ്പ് 3.28 കോടി നല്‍കി. മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലൂടെ ജില്ലയില്‍ 605 ഉരുക്കളെ വാങ്ങുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി. കൂടാതെ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ക്ഷീര സഹകരണ സംഘങ്ങളില്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനും പാല്‍ ഗുണ നിയന്ത്രണ ശാക്തീകരണത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.42 കോടി ചെലവഴിച്ചു. പുതുതായി അഞ്ച് ക്ഷീര സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. പാല്‍ പരിശോധനാ കാംപുകള്‍ നടത്തി 1568 പാല്‍ സാംപിളുകള്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കി. ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ ധനസഹായ പദ്ധതി പ്രകാരം 1.76 കോടി രൂപയും പശു വളര്‍ത്തുന്നതിനായി വായ്പയെടുത്ത് പശു ചത്തതു മൂലം കടക്കെണിയില്‍ അകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് 2.82 ലക്ഷം രൂപയും ധനസഹായം നല്‍കി. വിവിധ ത്രിതല പഞ്ചായത്ത് പദ്ധതികളിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് 4.75 കോടിയുടെ പാല്‍ ഇന്‍സെന്റീവ് നല്‍കി. 244 ഉരുക്കളെ ലഭ്യമാക്കി 46.2 ലക്ഷം രൂപ ധനസഹായമായും നല്‍കി.
Next Story

RELATED STORIES

Share it