wayanad local

ജില്ലയില്‍ പാലുല്‍പാദനത്തില്‍ ഇടിവ്; പ്രോല്‍സാഹന പദ്ധതികളില്ല

പുല്‍പ്പള്ളി: കൊടിയ വേനലും വരള്‍ച്ചയും വര്‍ധിച്ചതോടെ ക്ഷീരമേഖലയിലും ആശങ്ക പടര്‍ന്നു. പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. വേനല്‍ കനത്തിട്ടും വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും കറവ പശുക്കള്‍ക്ക് സംരക്ഷണ പദ്ധതികള്‍ നടപ്പാക്കാത്തതും ക്ഷീര ഉല്‍പാദന രംഗത്ത് അധികൃതര്‍ പുതിയ പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കാത്തതും ക്ഷീര കര്‍ഷകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായി ഏഴ് ക്ഷീരസംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആറും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഒന്നും. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ആറ് ക്ഷീര സംഘങ്ങളിലും നിന്നുമായി ഒരു ദിവസം ശരാശരി 15,000 ലിറ്റര്‍ പാലായിരുന്നു സംഭരിച്ചിരുന്നത്. പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘത്തിന്റെയും ശരാശരി ഒരു ദിവസത്തെ പാല്‍ സംഭരണം 15,000 ലിറ്റര്‍ തന്നെ ആയിരുന്നു. ഒരു ദിവസം 30,000 ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്ന ഈ പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 4800 ലിററിലധികം പാലാണ് കുറഞ്ഞത്.
വേനല്‍ രൂക്ഷമായതോടെ ഓരോ ദിവസത്തെ പാല്‍ സംഭരണത്തിലും കുറവ് വന്നുകൊണ്ടിരിക്കുകയാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ആനുപാതികമായ വിധത്തില്‍ കറവപശുക്കളുടെ ശരീരങ്ങള്‍ ജലാംശം കുറഞ്ഞതുമാണ് പാല്‍ ഉത്പാദനം കുറയാന്‍ കാരണം.
കുരുമുളക് കൃഷിക്ക് ശേഷം കുടിയേറ്റ മേഖലയുടെ നിലനില്‍പ്പ് തന്നെ ക്ഷീര മേഖലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ ഈ രംഗത്തുണ്ടാകുന്ന ചെറിയ നഷ്ടം പോലും കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയില്ല. പാല്‍ സംഭരണത്തില്‍ ഒരു ദിവസം 5,000 ലിറ്ററോളം പാല്‍ കുറഞ്ഞുവെന്നാല്‍ ഒരു ദിവസം ഒന്നര ലക്ഷത്തോളം രൂപയാണ് കര്‍ഷകരുടെ വരുമാനത്തില്‍ കുറവുണ്ടായിരിക്കുന്നത്. ശരാശരി ഒരു ലിറ്റര്‍ പാലിന് 30 രൂപവരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍ ഈ മാസം 31 വരെയുള്ള പാലിന് ഒരു ലിറ്ററിന് മില്‍മ അഞ്ച് രൂപ ഇന്‍സെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഫലത്തില്‍ രണ്ട് രൂപ മാത്രമാണ് ലഭിക്കുന്നത്. ഒരു രൂപ ഗ്രാന്റായും രണ്ട് രൂപ സൊസൈറ്റിക്കാരുടെ ഷെയറായും മില്‍മ പിടിക്കുകയാണ്. അതിനാല്‍ ഇപ്പോഴത്തെ ഇന്‍സെന്റീവ് പ്രഖ്യാപനവും കര്‍ഷകര്‍ക്ക് പ്രതീക്ഷിക്കുന്ന പ്രയോജനം ലഭിക്കുകയില്ല.വേനലിനെ പ്രതിരോധിക്കാന്‍ ചില ക്ഷീരസംഘങ്ങള്‍ നേരിട്ട് കര്‍ഷകര്‍ക്ക് ബിയര്‍ വേസ്റ്റ് ഇറക്കിക്കൊടുക്കുന്നുണ്ട്.
അതുപോലെ കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് വേണ്ടി വൈവിധ്യവല്‍കരണത്തിന്റെ പാതയിലേക്ക് കടന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ രൂക്ഷമായ വേനലിനേയും വരള്‍ച്ചയെയും പ്രതിരോധിക്കുവാനുള്ള നടപടികളൊന്നും ഇതുവരെ അധികൃതര്‍ നടപ്പാക്കിയിട്ടില്ല. മില്‍മയും ക്ഷീരവികസന വകുപ്പും ഈ കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ക്ഷീര മേഖലയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയു. വേനല്‍കാലത്ത് സ്വാഭാവികമായും പാല്‍ ഉല്‍പാദനം കുറയാറുണ്ടെങ്കിലും ഇപ്പോഴത്തെ കുറവ് ഇതിന് മുമ്പ് ഒരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ളതാണെന്നാണ് ക്ഷീരസംഘം ഭാരവാഹികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it