thrissur local

ജില്ലയില്‍ പലയിടത്തും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തി

തൃശൂര്‍: ജില്ലയില്‍ പലയിടത്തും ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. അപ്രതീക്ഷിതമായി പെയ്ത മഴയ്‌ക്കൊപ്പമായിരുന്നു ഭൂചലനം. റിക്ടെര്‍ സ്‌കെയിലില്‍ 3.4 ആണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഭൗമ പഠന കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തലോര്‍ മണ്ണാവ് ആണെന്ന് വിദഗ്ധര്‍ പറഞ്ഞു. തലോര്‍, പുഴമ്പള്ളം, മാന്ദാമംഗലം, അയ്യന്തോള്‍, പീച്ചി തുടങ്ങിയ ഭാഗങ്ങളില്‍ വലിയ ശബ്ദത്തോടെ ചലനം അനുഭവപ്പെട്ടു.
പലയിടത്തും പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി. ഞെട്ടിക്കുന്ന ശബ്ദമാണ് പലരേയും ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്.
ഭൂചലനമാണെന്ന് മനസിലായതോടെ മഴയും ഇരുട്ടും കണക്കാക്കാതെ വീടുകള്‍ക്ക് പുറത്തിറങ്ങുകയായിരുന്നു. ഒല്ലൂര്‍ ആനക്കല്ലില്‍ തേജസ് റോഡ് തുമ്പയില്‍ സുരേന്ദ്രന്റെ വീടിന്റെ ചുമരുകള്‍ക്ക് വിള്ളലുകളുണ്ട്. പുതുക്കാട് മുപ്ലിയം മുല്ലപ്പള്ളി ഭാസ്‌ക്കരന്റെ ഓടിട്ട വീടിന്റെ മേല്‍ക്കുര നിലംപതിച്ചു. സമാനരീതിയില്‍ കഴിഞ്ഞ നവംബറില്‍ റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ചലനമുണ്ടായിരുന്നു.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ മുപ്ലിയത്തും കല്ലൂരിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മുപ്ലിയം പിടിയ്ക്കപ്പറമ്പില്‍ മുല്ലപ്പിള്ളി ഭാസ്‌ക്കരന്റെ ഓടിട്ട വീടിന്റെ മേല്‍ക്കുരയുടെ ഒരു ഭാഗം തകര്‍ന്നു വീണു. വീടിന്റെ ഹാളിനോടു ചേര്‍ന്നുള്ള മുകള്‍ ഭാഗമാണ് ഓടും പട്ടികയുമടക്കം തകര്‍ന്നു വീണത്. ഹാളിലെ സീലിങ്ങുള്‍പ്പെടെയാണ് താഴേക്ക് പതിച്ചത്.
വീട്ടിലുള്ളവര്‍ ശബ്ദം കേട്ട് മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഡൈനിങ് ടേബിളില്‍ ഉണ്ടായിരുന്ന ഇന്റക്ഷന്‍ കുക്കര്‍, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങള്‍ ഓടു വീണ് തകര്‍ന്നിട്ടുണ്ട്.
കല്ലൂര്‍ പാറക്കാട്ട് മേപ്പുറത്ത് വാസുവിന്റെ വീടിന്റെ വാതില്‍ ഇളകി. ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. മുട്ടിത്തടി, വരാക്കര. ചെങ്ങാലൂര്‍, വെണ്ടോര്‍, മണ്ണംപേട്ട പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. പ്രദേശങ്ങളിലെ വീടുകളിലെ ഓടുകള്‍ ഇളകി വീണു. വീടിന്റെ മേല്‍ക്കുരയിലെ ഷീറ്റുകള്‍ അടര്‍ന്നു വീണിട്ടുണ്ട്. പുലര്‍ച്ചെ പെട്ടെന്നുണ്ടായ കുലുക്കത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി.
Next Story

RELATED STORIES

Share it