kozhikode local

ജില്ലയില്‍ പരക്കെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങള്‍ പ്രളയ ഭീഷണിയില്‍

കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തുടരുകയാണ്. രണ്ടു ദിവസങ്ങളിലായി ഏകദേശം ആറ് സെന്റീമീറ്റര്‍ മഴ ലഭിച്ചതായാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്. വരും ദിവസങ്ങളിലും ജില്ലയില്‍ മഴ ശക്തമായി തുടരുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. മഴ കനത്തതോടെ ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.
മലയോര മേഖലയിലെ പല പ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണ് മഴമൂലം ഉണ്ടായിട്ടുള്ളതെങ്കിലും അത്യാഹിതങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. കിഴക്കന്‍ മലയോര മേഖലയില്‍ നിന്നും ഒഴുകുന്ന ഇരുവഞ്ഞിപുഴ അടക്കമുള്ള പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. ചെറുപുഴ, ചാലിയാര്‍ എന്നിവിടങ്ങളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. തീരദേശ മേഖലയിലും ശക്തമായ കടലാക്രമണ ഭീഷണി നേരിടുകയാണ്.
മലയോര മേഖലയിലെ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് പുഴയോര നിവാസികളെയും മറ്റു ജനങ്ങളെയും ഏറെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മുക്കം ബൈന്റ്‌പൈപ്പ് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. പല പാലങ്ങളും റോഡുകളും കളിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. വെള്ളം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
ശക്തമായ മഴയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യത്തില്‍ കഴിയുന്നവരെക്കുറിച്ച് ശ്രദ്ധയില്‍പെടുകയാണെങ്കില്‍  വിവരം അറിയിക്കണമെന്ന് ക ണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്ര ജനങ്ങള്‍ ചുരുക്കണമെന്നും ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്നും കലക്ടര്‍ അറിയിച്ചു.
വീടിനു മുകളില്‍ തെങ്ങു വീണു
വാണിമേല്‍: ശക്തമായ മഴയില്‍ വീടിനു മുകളില്‍ തെങ്ങ് വീണു. വാണിമേല്‍ കോടിയുറയിലെ പാറയുള്ളതില്‍ എടപ്പള്ളി അന്ത്രു ഹാജിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് വീടിന്റെ പിറക് വശത്തായി തെങ്ങു വീണത്. വീടിന് ഭാഗികമായി കേടുപറ്റി.
കാലവര്‍ഷക്കെടുതി; നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം
പേരാമ്പ്ര: കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷിക വിളകളും വസ്തുവകകളും നഷ്ടടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നഷ്ടം പറ്റിയവര്‍ക്ക് പത്തു ദിവസത്തിനുള്ളല്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നകൃഷി മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായിരിക്കുകയാണ്.
അടുത്ത കാലത്തൊന്നും ഇല്ലാത്ത കാലാവര്‍ഷക്കെടുതിയാണ് ഇത്തവണ ഉണ്ടായത്. പ്രധാനമ്ന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സാങ്കേ തികകാരണങ്ങള്‍ പറഞ്ഞ് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം.  ജില്ലാ പ്രസിഡന്റ് ടി ചക്രായുധന്‍ അധ്യക്ഷത വഹിച്ചു. കെ കെ രജീഷ്, ബാബു മൂലയില്‍, തറമ്മല്‍ രാഗേഷ്, വിനോദ് നരിപ്പറ്റ, കെ രാജിത്ത,് അഡ്വ. ബാലന്‍സംസാരിച്ചു.
Next Story

RELATED STORIES

Share it