malappuram local

ജില്ലയില്‍ പബ്ലിക് ഹെല്‍ത്ത് ലാബ് യാഥാര്‍ഥ്യമാവുന്നു

മലപ്പുറം: ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ജില്ലാ ആസ്ഥാനത്ത് അനുവദിച്ച പബ്ലിക് ഹെല്‍ത്ത് ലാബ് യാഥാര്‍ഥ്യമാവുന്നു. ലാബിനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കുകയും ജീവനക്കാരെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആഴ്ച്ചയുടെ അവസാനത്തില്‍ ലാബിന്റെ ഉദ്ഘാനം നടക്കുമെന്നാണ് പ്രതീക്ഷ. ചുരുക്കം ചില പണികള്‍കൂടി പൂര്‍ത്തീകരിക്കാനുണ്ട്. അത് വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള തിരക്കിലാണു ബന്ധപ്പെട്ടവര്‍.
ജില്ലയ്ക്ക് പ്രഖ്യാപിച്ച പബ്ലിക് ഹെല്‍ത്ത് ലാബ് ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളുടെ നിര്‍ണയം വേഗത്തിലാക്കാനും രോഗത്തിന്റെ ഗൗരവം കൃത്യമായി മനസ്സിലാക്കാനും ലാബ് ഉപകരിക്കും. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം ലാബുകളിലെയാണു പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. ജില്ലയില്‍ ലാബ് യാഥാര്‍ഥ്യമാവുന്നതോടെ ലാബ് ഫലങ്ങള്‍ വേഗത്തിലാക്കാനും കൃത്യസമയത്ത് ചികില്‍സ ഉറപ്പാക്കാനും സാധിക്കും. ലാബ് പരിശോധനാ റിപോര്‍ട്ടുകള്‍ ലഭിക്കാന്‍ പത്തുദിവസത്തെ കാലതാമസമെടുക്കുന്നുണ്ട് നിലവില്‍. ലാബിന്റെ ഉദ്ഘാടനത്തിനായി ആരോഗ്യമന്ത്രിയുടെ തിയ്യതി കാത്തിരിക്കുകയാണ്. മലപ്പുറം സിവില്‍ സ്‌റ്റേഷനിലെ പഴയ കെട്ടിടത്തിലാണ് ലാബിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഫണ്ടനുവദിച്ചതിനെ തുടര്‍ന്ന് ഡിഎംഒ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ലാബ് യാഥാര്‍ഥ്യമാവുന്നത് പിന്നെയും നീളുകയായിരുന്നു.
ചോര്‍ച്ചയടക്കമുള്ളവ പരിഹരിക്കുകയും നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കായി സാംപിളുകള്‍ എടുക്കാനുള്ള സൗകര്യത്തിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ടോയ്‌ലറ്റും സജ്ജീകരിച്ചു. 2012 ലാണ് ജില്ലയില്‍ പബ്ലിക് ഹെല്‍ത്ത് ലാബിന് അനുമതി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പത്ത് തസ്തികകളും അനുവദിച്ചിരുന്നു. ഇതോടെ സപ്തംബറില്‍ ലാബിന്റെ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും അനിശ്ചിതമായി നീണ്ടു. ജില്ലയില്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ അടുത്തിടെ വ്യാപകമായിട്ടുണ്ട്.
ഡെങ്കി മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുള്ളത് മലപ്പുറത്താണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 83 പേരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എടവണ്ണ, പൂക്കോട്ടൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, പോരൂര്‍ എന്നിവിടങ്ങളിലാണിത്. ഈമാസം ഇതുവരെ ഇരുന്നൂറിനടുത്ത് പേര്‍ ചികില്‍സ തേടി. ഫെബ്രുവരി, മെയ് മാസങ്ങളിലായി രണ്ടു മരണങ്ങളുമുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it