wayanad local

ജില്ലയില്‍ പനി പടരുന്നു ; 12 ദിവസത്തിനകം ചികില്‍സ തേടിയത് 6,285 പേര്‍



മാനന്തവാടി: കാലവര്‍ഷം ശക്തമാവുന്നതിനു മുമ്പായി തന്നെ ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇതുവരെ പനി ബാധിച്ചവരുടെ എണ്ണം 68,838 ആയി.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പനി ബാധിച്ചത് 52,291 പേര്‍ക്കായിരുന്നു. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നുമുതല്‍ 12 വരെ പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത് 6,285 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടിയാവുമ്പോള്‍ ഇത് ഇരട്ടിയാവും. 2016 ജനുവരി മുതല്‍ ജൂണ്‍ വരെ 70 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ 2017ല്‍ രോഗബാധിതരുടെ എണ്ണം 84 ആയി. ജൂണ്‍ മാസത്തില്‍ മാത്രം 20 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. എച്ച്1 എന്‍1 2016ല്‍ രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം 86 കേസുകള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണില്‍ മാത്രം എട്ടു രോഗബാധിതര്‍ ചികില്‍സ തേടി. ഡിഫ്തീരിയ ബാധിതരുടെ എണ്ണം 2016ല്‍ ഒന്നു മാത്രമായിരുന്നു. ഈ വര്‍ഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഒമ്പതു പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചെന്നാണ് പരിശോധനാ ഫലങ്ങള്‍. ജൂണില്‍ മാത്രം അഞ്ചു ഡിഫ്തീരിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. 2016ല്‍ 89 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 407 പേര്‍ക്ക് രോഗം കണ്ടെത്തുകയും ആറു മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജൂണില്‍ മാത്രം 31 പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സ തേടി. പനിബാധിച്ച് തിരുനെല്ലി ആശ്രമം എല്‍പി സ്‌കൂളിലെ 14 വിദ്യാര്‍ഥികളാണ് ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്. പനിബാധിതര്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ വീടുകളും കേന്ദ്രീകരിച്ച് പനി സര്‍വേ ആരംഭിച്ചതായും ഒരു ആരോഗ്യവകുപ്പ് ജീവനക്കാരന്‍, ആശാവര്‍ക്കര്‍ അല്ലെങ്കില്‍ അങ്കണവാടി വര്‍ക്കര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘം ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി സംശയകരമായ രീതിയിലുള്ള രോഗികളുടെ സാംപിളുകള്‍ എടുത്ത് പരിശോധന നടത്തി ചികില്‍സയ്ക്ക് കൊണ്ടുപോവുമെന്നും എച്ച്1 എന്‍1 കേസുകളില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ക്ലാസുകള്‍ നല്‍കിയതായും ഡോ. വി ജിതേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it