kannur local

ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധന

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പനി പടരുന്നു. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികളുമായി രംഗത്തുണ്ടെങ്കിലും രോഗത്തിന് ശമനമില്ല. പനി ബാധിച്ച് ഇതിനകം നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി താലൂക്ക് ആശുപത്രികളിലും, തലശ്ശേരി ജനറല്‍ ആശുപത്രിയിലും പനിബാധിതരുടെ തിരക്കാണ്. ആരോഗ്യവകുപ്പ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ 16ന് മാത്രം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ 755 പേര്‍ പനിയെ തുടര്‍ന്ന് ചികില്‍സ തേടി.
ഇതില്‍ 18 പേരെ അഡ്മിറ്റ് ചെയ്തു. രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 14 പേര്‍ ഡെങ്കി ലക്ഷണവുമായി ചികില്‍സയിലാണ്. ജില്ലയില്‍ ഈ വര്‍ഷം ഇതിനകം 120ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 550 ഓളം പേര്‍ക്കാണ് ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. മലയോരത്താണ് ഡെങ്കിപ്പനി കൂടുതലും. പേരാവൂര്‍, കേളകം മേഖലയില്‍ ഇതിനകം രണ്ടുപേര്‍ ഡെങ്കി ബാധിച്ച് മരണപ്പെട്ടു. കാലവര്‍ഷം തുടങ്ങിയതോടെ ദിനേന മൂവായിരത്തോളം പേരാണ് പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്.
സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നവരുടെ കണക്ക് ലഭ്യമല്ലെങ്കിലും അവരുടെ എണ്ണം ഇതിന്റെ ഇരട്ടി വരും. മഴ കനത്തതോടെ പകര്‍ച്ചവ്യാധി സാധ്യതയും ഏറെയാണ്. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറല്‍ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സേവനം കാര്യക്ഷമമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ മലയോര മേഖലയില്‍ ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും പരിശോധനയും ബോധവല്‍ക്കരണവും തുടരുകയാണ്.
Next Story

RELATED STORIES

Share it