Kollam Local

ജില്ലയില്‍ പത്രിക നല്‍കിയത് 114 പേര്‍; അഞ്ച് മണ്ഡലങ്ങളില്‍ അപരന്‍മാര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി കൊല്ലം ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 114 പേര്‍. അവസാന ദിവസമായ ഇന്നലെ 55 പേര്‍ പത്രിക നല്‍കി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് ചവറ മണ്ഡലത്തിലാണ്. 14പേര്‍. സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ എട്ട് പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട കൊല്ലം മണ്ഡലമാണ്. പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മെയ് രണ്ടു വരെ പത്രികകള്‍ പിന്‍വലിക്കാം.

അതേസമയം അഞ്ച് മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി അപരന്‍മാരും ഒരു മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ഥിയും പത്രിക നല്‍കിയിട്ടുണ്ട്. കരുനാഗപ്പള്ളി മണ്ഡലത്തില്‍ സിപി ഐ സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രന് അപരനായി സ്വതന്ത്രസ്ഥാനാര്‍ഥിയായി മറ്റൊരു രാമചന്ദ്രന്‍ ഇന്നലെ പത്രിക നല്‍കി. ചവറയില്‍ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായി ഷിബു ബേബിജോണിനും അപരന്‍ രംഗത്തുണ്ട്. ഷിബുവാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ഇന്നലെ പത്രിക നല്‍കിയത്. കുന്നത്തൂരില്‍ ഉല്ലാസ്, കുഞ്ഞുമോന്‍ എന്നിങ്ങനെ രണ്ടുപേരുടെ പത്രികകള്‍ ഇന്നലെ ലഭിച്ചിട്ടുണ്ട്. പത്തനാപുരത്ത് യുഡിഎഫിന്റേയും എന്‍ഡിഎയുടേയും സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാരുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി പി വി ജഗദീഷ്‌കുമാറിന് അപരനായി വി ജെ ജഗദീഷും എന്‍ഡിഎ സ്ഥാനാര്‍ഥി ഡി രഘുവിന് അപരനായി പത്തനാപുരം സ്വദേശി തന്നെയായ പി രഘുവും ഇന്നലെ പത്രിക നല്‍കി. ചടയമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുല്ലക്കര രത്‌നാകരന് അപരനായി സ്വതന്ത്രസ്ഥാനാര്‍ഥിയായി കടയ്ക്കല്‍ സ്വദേശി എസ് രത്‌നാകരന്‍ പത്രിക നല്‍കി. പുനലൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ യൂനുസ്‌കുഞ്ഞിന് വിമതനായി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട കെട്ടിടത്തില്‍ സുലൈമാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തവണ വോട്ടിങ് മെഷീനില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൂടി പതിപ്പിക്കുന്നതിനാല്‍ അപരന്‍മാര്‍ യഥാര്‍ഥ സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയാകാനുള്ള സാധ്യത കുറവാണ്. മുന്നണി സ്ഥാനാര്‍ഥികളില്‍ കെ ബി ഗണേഷ്‌കുമാര്‍ മാത്രമാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് 12.20 ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി പത്തനാപുരം ബിഡിഓയും സഹവരണാധികാരിയുമായ കെ ഇ വിനോദ്കുമാറിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ്‌കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ രാജഗോപാല്‍,സി പി ഐ സംസ്ഥാന കൗണ്‍സിലംഗം എച്ച് രാജീവന്‍,എല്‍ഡിഎഫ് നേതാക്കളായ ബി അജയകുമാര്‍,അഡ്വ.എസ് വേണുഗോപാല്‍,കെ വാസുദേവന്‍,നെടുവന്നൂര്‍ സുനില്‍,എം ജിയാസുദീന്‍,ജി ആര്‍ രാജീവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it