malappuram local

ജില്ലയില്‍ പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു ; എച്ച്1 എന്‍1 വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ്



മലപ്പുറം: ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം പെരുകുന്നു. വൈറല്‍പ്പനി ബാധിച്ച് ജനുവരി മുതല്‍ ഇതുവരെ 1,79,683 പേര്‍ ചികില്‍സ തേടിയെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 2,314 പേരെ അഡ്മിറ്റ് ചെയ്തപ്പോള്‍ നാലുപേര്‍ മരണപ്പെട്ടു. 1,527 ഡെങ്കികേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 117 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒമ്പതുപേര്‍ മരണപ്പെട്ടു.  ഹെപ്പറ്റൈറ്റിസ് എ സംശയിച്ച് 935 പേര്‍ ഇതുവരെ ചികില്‍സ തേടി. 31 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ ഏഴ് മരണങ്ങളുണ്ടായി. സംശയാസ്പദമായ ഡിഫ്തീരിയയുമായി 36 പേര്‍ ചികില്‍സ തേടിയപ്പോള്‍ ഒമ്പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടൈഫോയ്ഡ് 23, അഞ്ചാംപനി 55, ചിക്കന്‍പോക്‌സ് 4031, മുണ്ടിനീരി 516, മലേറിയ 34,  ലെപ്‌ടോ 25 എന്നിങ്ങനെ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ജില്ലയില്‍ എച്ച്1 എന്‍1 കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത 2015ലെ അതേസാഹചര്യമാണ് നിലവിലുളളതെന്നും രോഗം പടരാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 2017 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 14 വരെ 103 എച്ച്1 എന്‍1 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 22 കേസുകളില്‍ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ തവനൂരില്‍ ഒരാള്‍ മരണപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ മരണപ്പെട്ടു. 2015ല്‍ കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. വൈറസ് മൂലമുണ്ടാവുന്ന രോഗത്തെ വ്യക്തി, പരിസര, സമൂഹ ശുചിത്വത്തിലൂടെ തടയാനാവും. വായുവിലൂടെയാണ് രോഗം പരക്കുന്നതെന്നതിനാല്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയും സൂക്ഷ്മകണങ്ങളില്‍ പതിച്ച പ്രതലങ്ങളില്‍നിന്ന് കൈകളിലൂടെയും രോഗം പടരും. ജലദോഷപ്പനിയുടെ രൂപത്തിലാണ് രോഗത്തിന്റെ തുടക്കം. ഭൂരിഭാഗം പേര്‍ക്കും നിസാരതോതിലും തനിയെ മാറുന്നതുമായ എ വിഭാഗത്തില്‍പ്പെട്ട എച്ച്1 എന്‍1 ആണ് ഉണ്ടാവാറ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാനാവും. കഠിനമായ രോഗമുള്ളവര്‍ മാത്രം ഒസള്‍ട്ടാമിവര്‍ എന്ന മരുന്നുപയോഗിച്ചാല്‍ മതി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it