wayanad local

ജില്ലയില്‍ നിയന്ത്രണമില്ലാതെ ഹോംസ്റ്റേകള്‍ ഉയരുന്നു



മാനന്തവാടി: ജില്ലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃത ഹോംസ്‌റ്റേകള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ വര്‍ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്നാണ് ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ ഹോം സ്‌റ്റേകള്‍ വര്‍ധിച്ചുവരുന്നത്. എന്നാല്‍, ഇത്തരം ഹോംസ്‌റ്റേകള്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാത്തിതിനാല്‍ സര്‍ക്കാരിന്റെ വരുമാന നഷ്ടത്തിന് പുറമെ പല സുരക്ഷാഭീഷണിയും ഉയര്‍ത്തുന്നുണ്ട്. അംഗീകൃത റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും പോലിസ് ശേഖരിക്കാറുണ്ടെങ്കിലും അനധികൃത ഹോംസ്‌റ്റേകള്‍ പരിശോധിക്കപ്പെടാറില്ല. ഇവിടങ്ങളില്‍ താമസിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്ന പതിവും പലയിടങ്ങളിലും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ യാതൊരുവിധ നിയന്ത്രണങ്ങളോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്. ജില്ലയില്‍ പടിഞ്ഞാറത്തറ, മേപ്പാടി, തരിയോട്, തിരുനെല്ലി, പുളിഞ്ഞാല്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് ഹോംസ്‌റ്റേകള്‍ കൂടുതല്‍. ഇവയില്‍ ചിലതെല്ലാം നേരത്തെ പഞ്ചായത്തുകളില്‍ നിന്ന് അനുമതി വാങ്ങി ലൈസന്‍സ് എടുത്തിരുന്നെങ്കിലും പിന്നീട് പുതുക്കിയില്ല. ഹോംസ്‌റ്റേ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ക്കു ഗ്രാമപ്പഞ്ചായത്തുകള്‍ ലോഡ്ജിങ് വിഭാഗത്തില്‍പെടുത്തി ഉയര്‍ന്ന നികുതി ഈടാക്കാറുണ്ട്. എന്നാല്‍, ഒരുദിവസത്തെ താമസത്തിന് ഇത്തരം ഹോംസ്‌റ്റേകള്‍ ഈടാക്കുന്ന വാടകയുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ കുറഞ്ഞനിരക്കിലുള്ള നികുതിയാണിത്. എന്നാല്‍, ഇതുപോലും നല്‍കാതിരിക്കാനാണ് പല ഹോംസ്‌റ്റേ ഉടമകളും പഞ്ചായത്ത് ലൈസന്‍സെടുക്കുകയോ എടുത്തതു പുതുക്കാതിരിക്കുകയോ ചെയ്യുന്നത്. നാടിന്റെ സാംസ്‌കാരികത്തനിമയും ജീവിതരീതികളും അടുത്തറിയുന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ ഗ്രാമീണാന്തരീക്ഷത്തില്‍ താമസിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഹോംസ്‌റ്റേകള്‍ തേടുന്നത്. എന്നാല്‍, ആഘോഷവേളകളിലും ഒഴിവുദിവസങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇവിടങ്ങളില്‍ വാടക ഈടാക്കുന്നത്.
Next Story

RELATED STORIES

Share it