kasaragod local

ജില്ലയില്‍ നിന്ന് കാണാതായ 11 പേരെ കുറിച്ച് ഇനിയും വിവരമില്ല

പടന്ന: കേരളത്തില്‍ നിന്നും ഐഎസില്‍ചേര്‍ന്നുവെന്ന് സംശയിക്കുന്ന 13 പേരെ കുറിച്ച് ഇനിയും വിവരമില്ല. ഇതില്‍ 11 പേരും തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളാണ്.
കഴിഞ്ഞ ദിവസം നാലുപേര്‍ മരണപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചിരുന്നു. 2016 ജൂണ്‍ ആദ്യവാരത്തിലാണ് ഇവരെ കാണാതായത്. മെയ് അവസാനവാരത്തോടെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
തീവ്രആത്മീയതയില്‍ കുടുങ്ങിയ ഇവര്‍ ശ്രീലങ്കയിലേക്ക് വ്യാപാര ആവശ്യാര്‍ത്ഥം പോകുന്നുവെന്ന് പറഞ്ഞാണ് വീടുകളില്‍ നിന്നിറങ്ങിയത്.
പിന്നീട് വീട്ടുകാര്‍ക്ക് ലഭിച്ച ചില സന്ദേശങ്ങളില്‍ ഇവര്‍ അഫ്ഗാനിലെ തോറാബോറാ മലനിരകളില്‍ ഐഎസ്‌ഐയുടെ കേന്ദ്രത്തിലാണെന്ന് വ്യക്തമായിരുന്നു. ഇവരെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചന്തേര പോലിസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
അന്വേഷണം പിന്നീട് എന്‍ഐഎക്ക് കൈമാറിയെങ്കിലും കാണാതായവരെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചില്ല.
ഇതിന് ശേഷമാണ് ചിലര്‍ മരണപ്പെട്ടതായി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയത്.
ആട് ജീവിതമായിരുന്നു ഇവര്‍ക്ക് ഏറെ ഇഷ്ടം. പരിസരവാസികളോടോ ബന്ധുക്കളോടോ ഇടപെടാന്‍പോലും തയ്യാറല്ലായിരുന്നു. തീവ്രആത്മീയതയില്‍ കുടുങ്ങി വിദ്യാഭ്യാസവും സാമൂഹിക പശ്ചാത്തലവുമുള്ളവര്‍ ഐഎസില്‍ എത്തിപ്പെട്ടത് നാട്ടുകാരില്‍ ഏറെ അതിശയം ഉളവാക്കിയിട്ടുണ്ട്. ഈമാസം ആദ്യ വാരത്തില്‍ അഷ്ഫാഖിന്റെ സന്ദേശം ലഭിച്ചതോടെയാണ് നാലുപേര്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചത്.
ശിഹാസ്, ഭാര്യ അജ്മല, ഇവരുടെ ഒരു കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശി മന്‍സാദ് എന്നിവര്‍ കൊല്ലപ്പെട്ടുവെന്നാണ് സന്ദേശം ലഭിച്ചിരുന്നത്.
ഇത് എന്‍ഐഎയും പോലിസും സ്ഥിരീകരിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍, പടന്ന മേഖലകളെ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ താവളമാക്കി മാറ്റാന്‍ നടത്തിയ നീക്കം പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലും മറ്റും തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന കുടുംബങ്ങളാണ് ഈ ഭാഗത്ത് കൂടുതലുള്ളത്. ഈ പ്രദേശത്തെ ഐഎസിന്റെ താവളമാക്കി മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പലപ്പോഴും നടക്കുന്നത്.
Next Story

RELATED STORIES

Share it