malappuram local

ജില്ലയില്‍ നിന്നുള്ള അഞ്ച് താരങ്ങള്‍ കേരള യൂത്ത് ഫുട്‌ബോള്‍ ടീമില്‍

ടിപി ജലാല്‍

മഞ്ചേരി: ജില്ലയില്‍ നിന്നു അഞ്ച് താരങ്ങള്‍ കേരള അണ്ടര്‍ -21 ഫുട്‌ബോള്‍ ടീമിലിടം നേടി. പാണ്ടിക്കാട് ഒലിപ്പുഴ വരിക്കോടന്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ വി കെ അഫ്ദല്‍(20), വേങ്ങര ഊരകം പി മുസയുടെ മകന്‍ മുഹമ്മദ് ആസിഫ്(20), വളാഞ്ചേരി പി അലവിയുടെ മകന്‍ മുഹമ്മദ് ജാസിം (20), അരീക്കോട് എന്‍ കെ യുസുഫിന്റെ മകന്‍ ഹനാന്‍ ജാവേദ്(20), തിരൂര്‍ സി ടി സൈതലവിയുടെ മകന്‍ അബ്ദുല്‍ റൗഫ്(20) എന്നിവരാണ് ജില്ലയുടെ അഭിമാന താരങ്ങളായത്. മിഡ്ഫീല്‍ഡറായ അഫ്ദല്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് ജൂനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ പരിശീലനം നടത്താന്‍ എയര്‍ടെല്‍ നടത്തിയ സെലക്ഷനില്‍ അഫ്ദലിന് അവസരം ലഭിച്ചിരുന്നു. കേരളത്തിനുവേണ്ടി അണ്ടര്‍-14, 16, 17, 19, 21 കളിച്ചിട്ടുണ്ട്. മമ്പാട് എംഇഎസ് കോളജിലെ രണ്ടാം വര്‍ഷ ഫുട്‌ടെക്‌നോളജി വിദ്യാര്‍ഥിയാണ്. ഹഫ്‌സത്താണ് മാതാവ്.
മഞ്ചേരി എച്ച്എംവൈഎച്ച്എസ് ടീമിലൂടെയാണ് ഫുട്‌ബോളിലെ ബാലപാഠം പഠിച്ചത്. അരീക്കോട് തെരട്ടമ്മലിന്റെ സന്തതിയായ ഹനാന്‍ ജാവേദ് ഇന്ത്യയുടെ അണ്ടര്‍-14, 16, 17 ടീമില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം അമേരിക്കയില്‍ പരിശീലനം നടത്തിയിട്ടുണ്ട്. മില്‍ഫീല്‍ഡറായ ഹനാന്‍ ഫാറൂഖ് കോളജില്‍ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിയാണ.് സീനത്താണ് മാതാവ്. എന്‍എസ്എസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ മുഹമ്മദ് ആസിഫ് 2013ലെ സുബ്രതോ കപ്പില്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇന്റര്‍ സോണ്‍ ചാംപ്യന്‍ടീമിലംഗമാണ്. ബിയ്യുവാണ് മാതാവ്. എംഎസ്പിക്കു വേണ്ടി സംസ്ഥാന സീനിയര്‍ സ്‌കുള്‍ ടൂര്‍ണമെന്റില്‍ കളിച്ച മുഹമ്മദ് ജാസിം എന്‍എസ്എസ് കോളജില്‍ ഒന്നാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ ജാസിം മികച്ച ലെഫ്റ്റ് വിംങ് ബാക്കാണ്. ഹാജിറയാണ് മാതാവ്. തീരൂര്‍ സാറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ സന്തതിയായ അബ്ദുല്‍ റൗഫ് ആദ്യമായാണ് കേരള ടീമിലെത്തുന്നത്. ഗോള്‍കീപ്പറായ റൗഫ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. സൈനബയാണ് മാതാവ്.
ജാസിമും ജാസിഫും എന്‍എസ്എസ് കോളജ് ടീം കോച്ച് ഷാജറുദ്ദീന്റെ ശിക്ഷണത്തിലാണുള്ളത്. തൊടുപുഴയില്‍ ഇന്നാരംഭിക്കുന്ന പ്രീമിയര്‍ ഫുട്‌ബോളില്‍ 22നാണ് കേരളം മല്‍സരിക്കുന്നത്.
Next Story

RELATED STORIES

Share it