thrissur local

ജില്ലയില്‍ നാലുപേര്‍ക്ക് സൂര്യാഘാതമേറ്റു

തൃശൂര്‍: വേനല്‍ ചൂട് കനത്തതോടെ ജില്ലയില്‍ വിദ്യാര്‍ഥിക്കും വയോധികനുമടക്കം ഇന്നലെ നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഗുരുവായൂര്‍ മുഹമ്മദ് ആബില്‍(12), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി ജോണ്‍(72), ചേര്‍പ്പ് അമ്മാടത്ത് മുള്ളക്കര സ്വദേശി സുരേഷ്, മാള ചക്കംപറമ്പില്‍ അശോകന്‍ എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്.
ഗുരുവായൂരില്‍ വീടിനടുത്തുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റത്. ഗുരുവായൂര്‍ കിഴക്കേനടയില്‍ മാണിക്കത്തുപടി തറയില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് ആബിലിന്റെ(12) കൈയ്യും പുറവും പൊള്ളലേറ്റ നിലയിലായിരുന്നു. ചുവന്നു തടിച്ച കുമിളകള്‍ പൊന്തിയ നിലയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി. ഇരിങ്ങാലക്കുടയില്‍ വയോധികന് സൂര്യാഘാതമേറ്റു.
ഗാന്ധിഗ്രാം സ്വദേശി ചിരിയങ്കണ്ടത്ത് ജോണി (72) നാണ് കഴിഞ്ഞ ദിവസം സൂര്യതാപമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 യോടെ ബൈക്കില്‍ യാത്ര ചെയ്ത ശേഷം തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കാലിലും കൈയ്യിലും തീ പൊള്ളലേറ്റപോലെ കുമിളകള്‍ പൊന്തിയത്. തുടര്‍ന്ന് ചികില്‍സ നേടിയപ്പോളാണ് ഡോക്ടര്‍മാര്‍ സൂര്യാഘാതം ആണെന്ന് സ്ഥീരികരിച്ചത്.ചേര്‍പ്പ് അമ്മാടത്ത് വഴിയാത്രക്കാരനു സൂര്യാഘാതമേറ്റു. അമ്മാടം മുള്ളക്കര സ്വദേശി കേളശ്ശേരി വീട്ടില്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്റെ വലതു കൈയ്യിന്റെ മുട്ടിനു താഴെയും വയറിലുമാണ് പൊള്ളലേറ്റത്. തുടര്‍ന്ന് ചേര്‍പ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിയ സുരേഷിനെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനു ശേഷം വീട്ടിലേക്കു വിട്ടയച്ചു.
ദേഹത്തെ പൊള്ളലിനു മരുന്ന് പുരട്ടിയെങ്കിലും പൊള്ളിയഭാഗം വീര്‍ത്ത അവസ്ഥയിലാണ്. മാള ചക്കാംപറമ്പില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. കുഴൂര്‍ വലിയോളിപറമ്പില്‍ അശോകനാണ് പൊള്ളലേറ്റത്. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭയുടെ കല്യാണമണ്ഡപത്തിന്റെ നിര്‍മാണ ജോലിക്കിടയില്‍ രാവിലെ പത്തോടെ അശോകന്‍ പൊള്ളലേറ്റ് കുഴഞ്ഞ് വീഴുകയായിരുന്നു.
കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലുമായി പൊള്ളലേറ്റ അശോകന്‍ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടി. സംഭവം അറിഞ്ഞ് ആലത്തൂര്‍ വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി റിപോര്‍ട്ട് നല്‍കി.
Next Story

RELATED STORIES

Share it