malappuram local

ജില്ലയില്‍ തെറ്റുതിരുത്താന്‍ 8.33 ലക്ഷം റേഷന്‍ കാര്‍ഡുകള്‍

ടിപി ജലാല്‍

മഞ്ചേരി: റേഷന്‍ കാര്‍ഡുകളില്‍ തെറ്റുതിരുത്താന്‍ അനുവദിച്ച സമയം 24ന് അവസാനിച്ചതോടെ ജില്ലയില്‍ ലഭിച്ചത് 8,33043 അപേക്ഷകള്‍. തെറ്റുതിരുത്താനുള്ള ജോലികള്‍ ആറ് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ഇതിനകം ആരംഭിച്ചു. ജില്ലയിലുള്ള 1625 റേഷന്‍ കടകളില്‍ ലഭിച്ച 14224 അപേക്ഷകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ഇതില്‍ 22 കടകളിലെ മുഴുവന്‍ കാര്‍ഡുകളുടെ അപാകതകളും പരിഹരിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ടി നോര്‍ബര്‍ട്ട് അറിയിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് ഏറനാട് താലൂക്കില്‍ നിന്നാണ് 183,602 അപേക്ഷകളാണ് ഓഫിസ് ആസ്ഥാനമായ മഞ്ചേരിയില്‍ ലഭിച്ചത്. ഇതില്‍ 1797 കാര്‍ഡുകളില്‍ തെറ്റു തിരുത്തി.
80,504 അപേക്ഷകള്‍ ലഭിച്ച പൊന്നാനി താലൂക്കിലാണ് ഏറ്റവും കുറഞ്ഞ അപേക്ഷ കരുള്ളത്. പൊന്നാനി താലൂക്ക് ഇതിനകം 4345 അപേക്ഷകള്‍ പരിഹരിച്ചു. 1624 കാര്‍ഡുകള്‍ പരിശോധിച്ച തിരൂര്‍ താലൂക്കാണ് ഏറ്റവും കുറച്ച് കാര്‍ഡുകള്‍ പരിശോധിച്ചത്. 176116 അപേക്ഷകളാണ് ഈ താലൂക്കില്‍ ലഭിച്ചിട്ടുള്ളത്. 1,24,358 അപേക്ഷകള്‍ ലഭിച്ച പെരിന്തല്‍മണ്ണയില്‍ 1819 ഉം 131,902 അപേക്ഷകള്‍ ലഭിച്ച നിലമ്പൂര്‍ താലൂക്കില്‍ 1729 ഉം, 136,561 അപേക്ഷകള്‍ ലഭിച്ച തിരൂരങ്ങാടി താലൂക്കില്‍ 2910 ഉം അപേക്ഷകള്‍ പരിഹരിച്ചുകഴിഞ്ഞു. തിരുരങ്ങാടി, ഏറനാട് താലൂക്കുകള്‍ വിഭജിച്ച രൂപീകരിക്കപ്പെട്ട കൊണ്ടോട്ടി താലൂക്ക് ഓഫിസിലും ഈ ഭാഗത്തെ കാര്‍ഡുകള്‍ പരിശോധിക്കുന്നുണ്ട്.
ഈ മാസം 30ന് തീര്‍ക്കാനാണ് നിര്‍ദേശമെങ്കിലും പൂര്‍ത്തിയാവാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇനിയും നീട്ടിയേക്കും. കുടുംബശ്രീ, സി-ഡിറ്റ്, അക്ഷയ തുടങ്ങിയ ഏജന്‍സികളാണ് വര്‍ക്കുകള്‍ ഏറ്റെടുത്തു ചെയ്യുന്നത്. ഓരോ ഓഫിസുകളിലും ഇതിനായി 20 ലധികം കംപ്യുട്ടറുകള്‍ വാടകക്കെടുത്താണ് തിരുത്തല്‍ നടപടി വേഗത്തിലാക്കുന്നത്.
സര്‍ക്കാറാണ് ഒരു കംപ്യുട്ടറിന് 1500 രൂപമുതല്‍ 3000 രൂപവരെ വാടക നല്‍കുന്നത്. ഏജന്‍സിയുടെ ഒമ്പത് പേര്‍ക്കൊപ്പം സപ്ലൈ ഓഫിസ് ജീവനക്കാരും സഹായിക്കുന്നുണ്ട്. റേഷന്‍ കടയുടെ നമ്പറിനനുസരിച്ചാണ് പരിശോധിക്കുക. അഞ്ച് കാര്‍ഡുകളില്‍ തെറ്റു തിരുത്തിയ ശേഷം ഉറപ്പുവരുത്തിയാണ് അടുത്ത അഞ്ച് എണ്ണം ഏജന്‍സിക്ക് നല്‍കുന്നത്.
കൂടുതല്‍ അപേക്ഷകള്‍ ഇനിയും സിഡിറ്റില്‍ നിന്നും അതാത് ഓഫിസുകളിലേക്ക് ലഭിക്കാനുണ്ടെന്നാണ് വിവരം. റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ കയറിക്കൂടിയതിന് ദിവസവും ജീവനക്കാര്‍ക്ക് കാര്‍ഡുടമകളില്‍ നിന്നും പഴി കേള്‍ക്കുന്നുണ്ട്. എടവണ്ണയിലെ കൂടുതല്‍ കാര്‍ഡുടമകള്‍ക്കും പേരിന് പകരം എടവണ്ണയും സ്ഥലത്തിന്റെ കോളത്തില്‍ ആളുടെ പേരുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it