wayanad local

ജില്ലയില്‍ തിരഞ്ഞെടുപ്പ് കാലയളവില്‍ പിടിച്ചെടുത്തത് രണ്ടു കോടിയോളം രൂപ

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത് 1,82,2 4,500 രൂപ.
ഇതില്‍ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ആദായ വകുപ്പിന് കൈമാറിയത് 90,31,500 രൂപ. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം ചെലവഴിക്കുന്നതു തടയുന്നതിന്റെ ഭാഗമായി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡും പോലിസും ചേര്‍ന്നാണ് മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം പിടികൂടിയത്.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് 1,24,01,300 രൂപ പിടിച്ചെടുത്തു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്ന് 26,07,000 രൂപയാണ് പിടികൂടിയത്.
ഇതില്‍ 5,24,000 പിടികൂടിയത് പോലിസാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു ജില്ലയിലെത്തിയ വാഹനങ്ങളില്‍ നിന്നാണ് ഏറിയ തുകയും പിടിച്ചെടുത്തത്.
രേഖകള്‍ ഹാജരാക്കിയ ഉടമകള്‍ക്ക് 91,91,000 രൂപ വിട്ടുനല്‍കി. രേഖകളില്ലാതെ പണം കൊണ്ടുപോവരുതെന്നു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും 24 മണിക്കൂറും പരിശോധന നടത്തിയിട്ടും ഇത്രയധികം പണം പിടികൂടിയതില്‍ നിന്ന്, ജില്ലയില്‍ നികുതി വെട്ടിപ്പും ഹവാല പണവും വ്യാപകമാണെന്ന നിഗമനത്തിലേക്കാണ് അധികൃതര്‍ എത്തുന്നത്.
എന്നാല്‍, ഇഞ്ചി, അടക്ക, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോയി വ്യാപാരം നടത്തുന്ന കച്ചവടക്കാരില്‍ നിന്നാണ് കൂടുതലായും പണം പിടികൂടിയതെന്നും പറയപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it