Alappuzha local

ജില്ലയില്‍ തിരഞ്ഞെടുപ്പ് സമാധാനപരം

ആലപ്പുഴ/അരൂര്‍: ജില്ലയില്‍ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടങ്ങളില്‍ ചെറിയ അനിഷ്ടസംഭവങ്ങളൊഴിച്ച് മറ്റൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ പരമാവധി ബൂത്തുകളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
രാവിലെ മുതല്‍ ചെറിയ തോതിലുള്ള മഴ പോളിങിനെ ബാധിച്ചില്ല. അരൂരില്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. പോളിങ് തുടങ്ങിയ രാവിലെ ഏഴു മണി മുതല്‍ ഒരേ രീതിയില്‍ വേട്ടിംഗ് നടന്നു. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ പ്രിസൈഡിങ് ഓഫിസര്‍ ഷുഗര്‍ കുറഞ്ഞതിനാല്‍ 10 മിനിറ്റ് നേരം ക്ഷീണിതനായി കാണപ്പെട്ടുവെങ്കിലും പിന്നീട് ജോലി തുടര്‍ന്നു. ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ദേശീയപാതയോരത്ത് വാക്കേറ്റമുണ്ടായെങ്കിലും നേതാക്കള്‍ എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ദേശീയപാതയോരത്ത് വച്ച് വോട്ട് ചെയ്യാനെത്തിയ വീട്ടമ്മയ്ക്ക് നേരെ നിയന്ത്രണം വിട്ട് വന്ന കാര്‍ പാഞ്ഞടുത്തതാണ് വാക്കേറ്റത്തിന് കാരണമായത്.
അമ്പലപ്പുഴ: ഒരിടത്ത് ബൂത്ത് തകര്‍ത്തതൊഴിച്ചാല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പൊതുവെ സമാധാനപരം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴത്ത് യുഡിഎഫിന്റെ ബൂത്ത് കമ്മിറ്റി ഓഫിസാണ് സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് പോലിസിനെ വിന്യസിച്ചു. രാവിലെ മുതല്‍ കനത്ത ക്യൂവാണ് അനുഭവപ്പെട്ടത്. രാവിലെയുണ്ടായ മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ എത്തിയത്. തീരദേശത്തും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് സമാധാനപരം. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തലയും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദും, എന്‍ഡിഎ സ്ഥാനാര്‍ഥി ഡി അശ്വിനിദേവും രാവിലെ മണ്ഡലത്തിന് പുറത്തെ അതാത് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തില്‍ സജീവമായി.
കായംകുളം: കായംകുളം മണ്ഡലത്തില്‍ ചില ബൂത്തുകളിലെ തര്‍ക്കങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കണ്ടല്ലൂര്‍ വില്ലേജ് ഓഫിസിലെ 113-ാം ബൂത്തിലും എരുവ മാവിലേത്ത് എല്‍പി സ്‌കൂളിലെ ബൂത്തിലും മെഷീന്‍ പണിമുടക്കി. പത്ത് മിനിറ്റ് വോട്ടിങ് തടസ്സപ്പെട്ടു. കൃഷ്ണപുരം പഞ്ചായത്തിലെ കൊച്ചുമുറിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് നാലു പേര്‍ക്ക് മര്‍ദ്ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപു, വാര്‍ഡ് പ്രസിഡന്റ് നസീം, സിപിഎം പ്രവര്‍ത്തകരായ ശിഖ ജി കൃഷ്ണ, ദില്‍ജി റാം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.
മുഹമ്മ: കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 11-ാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായി. പിന്നീട് മറ്റൊരു യന്ത്രം കൊണ്ടുവന്നതിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. പ്രീതികുളങ്ങര സ്‌കൂളിലെ 61-ാം ബൂത്ത്, ചാത്തനാട് 134, കൊമ്മാടി കളപ്പുര 119, കൊമ്മാടി വായനശാല 103, തലവെടി 109, പൊന്നാട് എല്‍പിഎസിലെ 25, 26 ബൂത്തുകളിലെ യന്ത്രം തകരാറിലായി. തകരാറ് പരിഹരിച്ച ശേഷം വോട്ടെടുപ്പ് തുടര്‍ന്നു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഫഌക്‌സ് ബോര്‍ഡ് പോളിങ് ബൂത്തിന് സമീപത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ചുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കായിപ്പുറം സിഎംഎസ് എല്‍പി സ്‌കൂളിലെ 154-ാം നമ്പര്‍ പോളിങ് ബൂത്തിന് സമീപമാണ് സംഭവം. സിപിഎം സ്ഥാപിച്ച ബോര്‍ഡ് മാറ്റണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകനായ പുത്തന്‍തോട്ടുങ്കല്‍ ഉല്ലാസ്(40)ന് പരിക്കേറ്റു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അനൂര്‍സോമനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ആറു മണിക്ക് ശേഷം വോട്ടെടുപ്പ് നീണ്ടു
ആലപ്പുഴ: ജില്ലയിലെ ചിലയിടങ്ങളില്‍ വോട്ടിങ് അവസാനിച്ച ആറുമണിക്ക് ശേഷം വോട്ടെടുപ്പ് നടന്നു.
മുഹമ്മ പൊള്ളേത്തൈ ഗവ. ഹെസ്‌കൂളിലെ 53-ാം നമ്പര്‍ ബൂത്തില്‍ രാത്രി 7.30 ഓടെയും മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍, മാരാരിക്കുളം എല്‍പിഎസ് എന്നിവിടങ്ങളില്‍ ഒരുമണിക്കൂര്‍ വൈകിയുമാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഓമനപ്പുഴ സെന്റ് ആന്റണീസ് സ്‌കൂള്‍, കിടങ്ങാംപറമ്പ് എല്‍പി സ്‌കൂളിലെ 145-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലും രാത്രി ഏഴോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. എംഎസ്എം കോളജിലെ 61-ാംനമ്പര്‍ ബൂത്തില്‍ ആറുമണിക്കു ശേഷം മുപ്പതോളം പേര്‍ ക്യൂവിലുണ്ടായിരുന്നു. കളര്‍കോട് എല്‍പി സ്‌കൂളിലും ആറുമണിക്ക് ശേഷവും വോട്ടെടുപ്പ് തുടര്‍ന്ന്.
Next Story

RELATED STORIES

Share it