malappuram local

ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 102 ആംബുലന്‍സ് പദ്ധതി



മലപ്പുറം: ജില്ലയില്‍ പ്രീ ഹോസ്പിറ്റല്‍ രംഗം കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 102 ആംബുലന്‍സ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുക. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ഏഞ്ചല്‍സ്' എന്ന സംഘടനയുടെ സഹകരണം ഇതിനായി ഉപയോഗിക്കു. അപകടത്തില്‍പെടുന്നവരെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അഞ്ചു മിനുട്ടിനുള്ളില്‍  ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. സാമൂഹ്യരംഗത്ത് ഇടപെടാന്‍ കഴിയുന്ന വിദഗ്ധ പരിശീലനം ലഭിച്ച ആളുകളെ ഇതിനായി പ്രയോജനപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തി അടിയന്തര ശുശ്രൂഷ രംഗത്ത് പ്രത്യേക പരിശിലനം നല്‍കും. രണ്ടാഴ്ചക്കകം പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മറ്റ് പല ജില്ലകളിലും ഈ പരിപാടി നടക്കുന്നുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രത്യേക പരിശിലനം നല്‍കി ആളുകളെ കണ്ടെത്തുന്നത് ജില്ലയിലാണ്.ഇതിനായി ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്ന് വാര്‍ഡ് തലത്തില്‍ 10 പേരെ വീതം ട്രെയിനിങ് നല്‍കി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏറ്റവും ഊര്‍ജ്ജ്വസ്വലരായവരെ ഇതിനായി കണ്ടെത്തും. ഇതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ  അത്യഹിത വിഭാഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്  തുക നീക്കിവെക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നാല് സ്ഥലങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നല്‍കി. പദ്ധിതിക്കായി ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവ ഫണ്ട് വകയിരുത്തും. എന്നാല്‍ ഭാവിയില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഇതിനായി തുക നീക്കിവക്കേണ്ടിവരും. പദ്ധതിക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കാനാണ് പ്രാഥമികമായി തീരുമാനിച്ചത്. ജില്ലയിലെ പ്രധാന 17 ആശുപത്രികളുടെ പ്രതിനിധികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് എ പി ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്തംഗം സലിം കുരുവമ്പലം, ഏഞ്ചല്‍സ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍, എം.കെ ബിജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ഡോ.ഷിബുലാല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it