kasaragod local

ജില്ലയില്‍ ഡെങ്കിപ്പനി മരണം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു യോഗം

കാഞ്ഞങ്ങാട്: ജില്ലയില്‍ പ്രത്യേകിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിലെ മലയോര മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുകയാണ്. ജില്ലയില്‍ 12 ദിവസത്തിനകം ഡെങ്കിപ്പനി ബാധിച്ചത് നൂറോളം പേര്‍ക്കാണ്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മാലോം ചമ്പക്കുളത്തിനടുത്ത് ഞാണിക്കടവ് പട്ടികവര്‍ഗ കോളനിയിലെ മധു(28) മരിച്ചിരുന്നു. ജനുവരി മുതല്‍ ഇതുവരെ കണക്കെടുത്താല്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇരുനൂറിലധികം വരും. മലയോര മേഖലയിലെ കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകളിലും റബര്‍ തോട്ടങ്ങളിലെം ചിരട്ടകളിലും വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുക് പെരുകാന്‍ കാരണമാകുന്നുണ്ട്. അതുകൂടാതെ പ്ലാസ്റ്റിക് കുപ്പികളും കാരിബാഗുകളും അലക്ഷ്യമായി വലിച്ചെറിയുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വളര്‍ച്ചക്ക് സഹായകമാകുന്നുണ്ട്.
ഈ വര്‍ഷം വേനല്‍ മഴ നേരത്തെ എത്തിയിരുന്നു. അതുകൊണ്ട് തന്നെ തോട്ടങ്ങളിലും മറ്റും കൊതുകുകളും ഗണ്യമായി പെരുകിയതായാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. മഴക്കാലത്തിന് മുമ്പ് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇക്കുറി ഭൂരിപക്ഷം പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന് തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യവകുപ്പും വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് ഡെങ്കിപ്പനി ഇത്രയേറെ വ്യാപിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ആദ്യ പത്ത് ദിവസം റിപോര്‍ട്ട് ചെയ്തതിന്റെ നാലിരട്ടിയിലധികം കേസാണ് ഈ വര്‍ഷം റിപോര്‍ട്ട് ചെയ്തത്.
വെസ്റ്റ് എളേരി, ബളാല്‍, ഈസ്റ്റ് എളേരി, പനത്തടി പഞ്ചായത്തുകളിലാണ് കൂടുതലായ ും ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 14 ഡെങ്കിപ്പനി കേസുക ള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി മരണം സംഭവിച്ച പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം ഇന്ന് ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സംബന്ധിച്ച പ്രശ്‌നം മണ്ഡലം എംഎല്‍എയും സംസ്ഥാന റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തി. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് വിളിച്ച് ചേര്‍ത്ത യോഗം ഇന്ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുന്നത്.
യോഗത്തില്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it