palakkad local

ജില്ലയില്‍ ചൂട് കനക്കുന്നു: 40 ഡിഗ്രി വരെയാവാന്‍ സാധ്യത

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചൂടിനൊപ്പം പാലക്കാട്ടും അന്തരീക്ഷോഷ്മാവ് കൂടുന്നു. കനത്ത കാറ്റും പൊള്ളുന്ന ചൂടും മൂലം പാലക്കാടന്‍ വയലുകളും ജലാശയങ്ങളും വറ്റിവരളുകയുമാണ്. മഴ പൂര്‍ണമായും പെയ്യേണ്ട കുംഭം പകുതിയായപ്പോഴേക്കും ജില്ല ചൂടില്‍ തിളച്ചുമറിയുകയാണ്. ഇതിനിടെ മണ്ണാര്‍ക്കാട് ഒരാള്‍ക്ക് സൂര്യാതാപമേറ്റു.
വേനല്‍ ഇത്തവണ കടുക്കുമെന്നുള്ള സ്ഥിതി തന്നെയാണിപ്പോഴും. ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തികഴിഞ്ഞു. മുണ്ടൂര്‍ ഐആര്‍ടിസിയില്‍ രേഖപ്പെടുത്തിയ ചൂടാണിത്. അതേസമയം നഗരം വെന്തുരുകുകയാണ്. നഗര പ്രദേശങ്ങളില്‍ മരം വന്‍തോതില്‍ മുറിക്കുന്നതും കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ വര്‍ധിച്ചതും ചൂട് വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണയായി മാര്‍ച്ച് ഒടുവിലും ഏപ്രില്‍ ആദ്യവുമാണ് ചൂട് ജില്ലയില്‍ ഏറ്റവും പാരമ്യത്തിലെത്തുന്നത്.
42 ഡിഗ്രിസെല്‍ഷ്യസ് വരെ ചൂട് എത്തിയ വര്‍ഷങ്ങളുണ്ട്. ഇത്തവണ മാര്‍ച്ച് ആദ്യം തന്നെ ചൂട് 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് ആശങ്കപ്പെടുന്നത്. ഫെബ്രുവരി 22നാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപമാപിനിയിലാണ് ഇത്രയും ചൂട് രേഖപ്പെടുത്തിയത്. സൂര്യാഘാതത്തിന് സാധ്യതയുള്ള ചൂടാണിത്. പൊതുവെ കഴിഞ്ഞ ഏതാനും ദിവസമായി അന്തരീക്ഷത്തില്‍ ഉച്ചക്ക് മുമ്പുവരെ ചെറിയ കാറ്റടിക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷം മൂന്നുവരെ കനത്തചൂടാണ് അനുഭവപ്പെടുന്നത്. എല്ലാവര്‍ഷവും ജില്ലയില്‍ ഇരുപതോളം പേര്‍ക്ക് സൂര്യാതാപം ഏല്‍ക്കാറുണ്ട്.
11നും മൂന്നിനുമിടയില്‍ വെയില്‍ കൊള്ളുന്നവരിലാണ് സൂര്യതാപം ഏല്‍ക്കാറുള്ളത്. പുറത്ത് ജോലി ചെയ്യുന്ന കെട്ടിട നിര്‍മാണ തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, പെയിന്റിങ് ജോലിക്കാര്‍ തുടങ്ങിയവര്‍ക്കാണ് സൂര്യതാപം ഏല്‍ക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. ചൂട് കൂടിയതോടെ സംസ്ഥാനത്തൊട്ടാകെ തൊഴിലാളികളുടെ തൊഴില്‍സമയം ക്രമീകരിച്ചിട്ടുണ്ട്. ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്നുമുതലുമാണ് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനിടയിലുള്ള സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ തൊഴിലുടമ പിഴയൊടുക്കേണ്ടി വരും. ജില്ലയില്‍ തൊഴിലിടങ്ങളില്‍ ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ അസി.ലേബര്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ ലേബര്‍ ഓഫിസര്‍ രമേശ് പറഞ്ഞു. പരിശോധനയില്‍ നിരോധിത സമയത്ത് വെയിലില്‍ ജോലി ചെയ്യരുതെന്ന് ഉപദേശിക്കുന്നുണ്ട്. തൊഴിലാളികളും തൊഴിലുടമകളും ജാഗ്രതപുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ജില്ലയില്‍ കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്.
കഴിഞ്ഞ ഒരാഴ്ചയായി 37നും 39നുമിടയിലാണ് ഉയര്‍ന്നതാപനില രേഖപ്പെടുത്തിയിട്ടുള്ളത്. മലമ്പുഴയില്‍ ഇന്നലെ 35 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഡാം പരിസരത്തായതിനാലാണ് ഇവിടെ ചൂട് കുറവായത്.
Next Story

RELATED STORIES

Share it