Kottayam Local

ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമായി നടത്തുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും കാര്യക്ഷമമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 32 ചിഹ്നങ്ങളില്‍ 82 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്.
ഇതില്‍ 31 സ്വതന്ത്രരും ഉള്‍പ്പെടുന്നു. ജില്ലയെ 100 ശതമാനം പോളിങിലെത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് ആവശ്യമായ സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. റാമ്പ് നിര്‍മാണം തീര്‍ത്തും അസാധ്യമായ അഞ്ച് പോളിങ് ബൂത്തുകള്‍ ഒഴിച്ചുള്ള എല്ലാ പോളിങ് ബൂത്തുകളിലും സ്ഥിര സ്വഭാവമുള്ള റാമ്പ് ഉറപ്പാക്കി.
വേനല്‍ച്ചൂട് പരിഗണിച്ച് എല്ലാ പോളിങ് ബൂത്തുകളിലും സണ്‍ഷേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളം, ടോയ്‌ലറ്റ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി. സമ്മതിദായകരുടെ ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പുകളുടെ വിതരണവും പൂര്‍ത്തിയായി. സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വോട്ടുചെയ്യുന്നതിന് വേതനത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ജില്ലയിലെ 1411 പോളിങ് ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ് സമയം. രാവിലെ ആറിന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ ആരംഭിക്കും. പോളിങ് സാമഗ്രികള്‍ ഇന്നു രാവിലെ 10 മുതല്‍ വിതരണം ചെയ്യും. വോട്ടെടുപ്പ് സമാപിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്. രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ്എംഎസുകളും റേഡിയോ സന്ദേശങ്ങളും മറ്റ് മാധ്യമ പ്രചരണങ്ങളും നിരോധിച്ചു. ഒട്ടേറെ പുതുമകളോടെയാണ് ജില്ലാ ഭരണകൂടം ഇത്തവണ തിരഞ്ഞെടുപ്പ് നടത്തുന്നത്.
കാഴ്ച ശക്തികുറഞ്ഞവര്‍, ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും വോട്ടു ചെയ്യുന്നതിന് സഹായം, വനിതകളുടെ മാത്രം നിയന്ത്രണത്തില്‍ പോളിങ് ബൂത്തുകള്‍, മാതൃകാപോളിങ് ബൂത്തുകള്‍, ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളും വോട്ടേഴ്‌സ് സ്ലിപ്പും തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം, വിവിപാറ്റ് എന്നിവയാണ് പ്രത്യേതകള്‍.
Next Story

RELATED STORIES

Share it