palakkad local

ജില്ലയില്‍ കൈത്തറി നിര്‍മാണം അവസാനഘട്ടത്തില്‍



പാലക്കാട്:ജില്ലയില്‍ പുതിയ അധ്യയന വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ 1,15,297 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് കൈത്തറി യൂനിഫോമായിരിക്കും. വ്യവസായ കേന്ദ്രത്തിനു കീഴിലുള്ള ഏഴ് വീവേഴ്‌സ് ഇന്‍ഡസ്ട്രിയില്‍ കോപറേറ്റീവ് സൊസൈറ്റികളില്‍ കൈത്തറി തുണികള്‍ നെയ്യുന്നതിന്റെ അവസാനഘട്ടത്തിലാണ്. ഇതിനായി 70 നെയ്ത്തുകാ ര്‍ക്ക് കൂലിയിനത്തില്‍ 28 ലക്ഷവും  തറി റിപ്പയര്‍ ചെയ്യുന്നതിന് മൂന്ന് ലക്ഷവും അനുവദിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനജര്‍ ജി രാജ്‌മോഹന്‍ അറിയിച്ചു. കൊല്ലങ്കോട്, ആലത്തൂര്‍-മാറലാട്, ചിറ്റൂര്‍-മാഞ്ചിറ, എലപ്പുള്ളി എന്നിവിടങ്ങളിലെ സംഘങ്ങളാണ് യൂനിഫോമിനുള്ള തുണി നെയ്യുന്നത്. നെയ്ത തുണിയുടെ ഗുണനിലവാരം ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ ഉറപ്പാക്കിയതിന് ശേഷം ഹാന്‍ടെക്‌സ് - ഹാന്‍വീവ് എന്നിവയാണ് തുണികള്‍ വാങ്ങുന്നത്. തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ കളര്‍ കോഡ് പ്രകാരം കോയമ്പത്തൂരിലെ ഡയിങ് ഹൗസുകളില്‍ നിന്ന് ആവശ്യമായ കളര്‍ ചേര്‍ക്കും. തുടര്‍ന്ന് എഇഒ മാര്‍ മുഖേനയാണ് തുണി വിതരണം ചെയ്യുക. കൈത്തറി യൂനിഫോം  ആറ് മുതല്‍ എട്ടാം ക്ലാസ് വരയുള്ള 80,392 കുട്ടികള്‍ക്ക് നല്‍കുന്നതിന് കൈത്തറി മേഖലയെ സജ്ജമാക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൂടുതല്‍ നെയ്യുന്ന നെയ്ത്തുകാരന് മികച്ച കൂലി ഉറപ്പാക്കുന്ന പ്രചോദന പരിപാടി, സര്‍ക്കാര്‍ ഓഹരി പങ്കാളിത്തവുമായി ചിറ്റൂര്‍ വീവേസ് ഇന്‍ഡസ്ട്രിയല്‍ കോപറേറ്റീവ് സൊസൈറ്റിയിലെ 14 നെയ്ത്തുകാര്‍ക്ക് ധനസഹായം, ഏഴ് സംഘങ്ങള്‍ക്ക് എക്‌സിബിഷന്‍ ഗ്രാന്റ്, കലാപരമായി കൈത്തറി നെയ്തവര്‍ക്ക് പ്രോല്‍സാാഹനം, സംഘങ്ങളുടെ പേരില്‍ അംശാദായ മിതവ്യയ ഫണ്ട്, കൈത്തറി അനുബന്ധ ഉപകരണങ്ങളായ അച്ച്, വിഴുത്, ഓടം, ഷട്ടില്‍ എന്നിവ വാങ്ങുന്നതിന് ഗ്രാന്റ്, ടെക്‌നോളജി അപ്ഗ്രഡേഷന്‍, ട്രെയിനിങ്-സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം, ഇന്‍കം റിപ്പോര്‍ട്ട് പദ്ധതി എന്നിവ നടപ്പാക്കി. ഉല്‍സവ സീസണില്‍ റിബേറ്റ് വില്‍പന നടത്തുന്നതിന് ഗ്രാന്റ് നല്‍കിയത് കൂടാതെ നബാര്‍ഡ് നടപ്പാക്കുന്ന വീവേസ് ക്രെഡിറ്റ് കാര്‍ഡ് പ്രകാരം വായ്പ അനുവദിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it