kasaragod local

ജില്ലയില്‍ കുഴല്‍ കിണര്‍ ലോറി അപകടങ്ങള്‍ പതിവാകുന്നു



കാസര്‍കോട്്: ജില്ലയില്‍ കുഴല്‍ കിണര്‍ ലോറികള്‍ അപകടത്തില്‍പെടുന്നത് പതിവാകുമ്പോഴും അധികൃതര്‍ നിസംഗത പാലിക്കുന്നു. മഴകുറഞ്ഞതോടെ കുഴകിണര്‍ കുഴിക്കുന്നത് സജീവമായിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നും വണ്ടികള്‍ വാടകക്കെടുത്താണ് ജില്ലയിലെ ഏജന്റുമാര്‍ കുഴല്‍ കിണര്‍ കുഴിക്കുന്നത്. ടണ്‍ കണക്കിന് ഭാരമുള്ള ഉപകരങ്ങളും പൈപ്പുകളുമായി സഞ്ചരിക്കുന്ന ലോറിക്ക് മുകളിലാണ് തൊഴിലാളികള്‍ യാത്ര ചെയ്യുന്നത്. കുന്നും വളവുമുള്ള റോഡിലൂടെ അപകടം പിടിച്ച ഈ യാത്ര നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. 2014ല്‍ ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ കാറ്റാംകവലയില്‍ കുഴല്‍കിണര്‍ ലോറി മറിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ചപ്പോള്‍ ലോറിക്ക് മുകളിലുള്ള യാത്ര നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ അന്ന് ഉത്തരവിറക്കിയിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. മധ്യപ്രദേശുകാരായ രാംലാല്‍, ശംഭു, വൈശാക്, രംഗലാല്‍ എന്നിവരാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തൊഴിലാളികളുടെ പേരും വിലാസവും പോലും നല്‍കാന്‍ കരാറുകാരന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കുഴല്‍കിണര്‍ ലോറികള്‍ കരാറെടുക്കുന്നവര്‍ തൊഴിലാളികളുടെ വ്യക്തമായ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതും നടപ്പിലായില്ല. കഴിഞ്ഞ ദിവസം പെരിയ മൂന്നാംകടവ് പാലത്തിന് സമീപം ലോറി മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തിസ്ഗഡ് സ്വദേശി ബുദ്ധറാമാണ് മരിച്ചത്. ഇവരുടെ കരാറുകാരായ അയ്യപ്പ ഏജന്‍സിക്ക് തൊഴിലാളികളുടെ പേരും വിലാസവും പോലും അറിയില്ലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ലോറി വാടകക്കെടുമ്പോള്‍ തൊഴിലാളികളെയും വിട്ടു നല്‍കുകയാണ്. പകലും രാത്രിയും ജോലി ചെയ്താല്‍ ആയിരം രൂപയില്‍ താഴെയാണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സമീപം തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണ് ചെയ്യുന്നത്. രാത്രിയും പകലും ജോലി ചെയ്യുന്നതിനാല്‍ ഇവര്‍ക്ക് താമസ സൗകര്യംപോലും ഏര്‍പ്പെടുത്താറില്ല. പണി ഇല്ലാതപ്പോള്‍ ലോറിക്ക് അടിയിലും മുകളിലുമാണ് ഇവര്‍ കിടന്നുറങ്ങുന്നത്. വിശ്രമമില്ലാത്തതിനാല്‍ ലോറി അപകടത്തില്‍പെടുന്നതും പതിവാണ്. ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ നാല് കുഴല്‍ കിണര്‍ ലോറി അപകടമാണുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് മീഞ്ചയില്‍ വീടിന് മുകളിലേക്ക് കുഴല്‍കിണര്‍ ലോറി മറിഞ്ഞ് വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ബദിയടുക്കയില്‍ കുഴല്‍കിണര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബന്തടുക്കയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുഴല്‍ കിണര്‍ ലോറി മറിഞ്ഞിരുന്നെങ്കിലും തൊഴിലാളികളെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it