malappuram local

ജില്ലയില്‍ കഴിഞ്ഞവര്‍ഷം ക്ഷയം ബാധിച്ചത് 770 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കഫ പരിശോധനയിലൂടെ കണ്ടെത്തിയത് 770 പുതിയ രോഗികളെയാണ്. 39,546 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ജില്ലാ ടിബി കേന്ദ്രത്തിന്റെ കണക്കുകളാണിത്. 2017ല്‍ 1751 പേര്‍ ചികില്‍സ തേടിയിരുന്നു.
എന്നാല്‍, 2016 നെ അപേക്ഷിച്ച് കുറവാണ്. 1967 പേരാണ് ചികില്‍സ തേടിയത്. ഇതില്‍ 1002 രോഗികളെ കഫപരിശോധനയിലൂടെ കണ്ടെത്തി. ഈ വര്‍ഷം ജനുവരിയില്‍ 151 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയിട്ടുണ്ട്്. ഫെബ്രുവരിയില്‍ ചികില്‍സ തേടിയ 175 പേര്‍ക്കും രോഗം കണ്ടെത്തി. സ്വകാര്യ ആശുപത്രികളിലും ഇത്രത്തോളം രോഗികള്‍ ചികില്‍സ തേടുന്നുണ്ടെന്ന് ജില്ലാ ടിബി ഓഫിസര്‍ ഡോ.ഹരിദാസ് പറഞ്ഞു. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഇത് സംബന്ധിച്ച കണക്കുകള്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറുന്നില്ല. സമ്പൂര്‍ണ ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരി നാലിന് ജില്ലയില്‍ പ്രത്യേക സര്‍വെ ആരംഭിച്ചിട്ടുണ്ട്. 40 ശതമാനം സര്‍വേ പൂര്‍ത്തിയാക്കുമ്പോള്‍ 13 പുതിയ രോഗികളെ കണ്ടെത്തുകയും ചെയ്തു. സംസ്ഥാനത്ത് 3.4 കോടി ജനങ്ങളെയും 78 ലക്ഷം വീടുകളിലും സര്‍വെ നടത്തി 2020 ഓടെ രോഗികളുടെ എണ്ണം 2000ല്‍ താഴെയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര-സംസ്ഥാന ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തുന്നത്. കഫപരിശോധനയിലൂടെയാണ് പ്രധാനമായും രോഗം തിരിച്ചറിയുന്നത്. ജില്ലയില്‍ കഫ പരിശോധനയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ 41 കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളിലായി 9 കേന്ദ്രങ്ങളുമുണ്ട്. ഇവിടങ്ങളില്‍ കഫ പരിശോധന സൗജന്യമാണ്.
ജില്ലയില്‍ ആറിടങ്ങളില്‍ ലെഡ് എഫ്എം മൈക്രോ സ്‌കോപ്പുകളുടെ സൗകര്യവും ലഭ്യമാണ്. ഇതിന് പുറമെ ചെരണി ജില്ലാ ടിബി സെന്ററിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും ക്ഷയരോഗ നിര്‍ണയത്തിനുള്ള അത്യാധുനിക സംവിധാനമായ സിബിനാറ്റ്്്് ഉപകരണങ്ങളുമുണ്ട്. ഇതുവഴി സാധാരണ മരുന്നുകൊണ്ട് മാറാത്ത എഡിആര്‍ ടിബി വരെ വളരെ അനായാസം കണ്ടെത്താം.
Next Story

RELATED STORIES

Share it