wayanad local

ജില്ലയില്‍ കരട് ലിസ്റ്റ് തയ്യാറായി

കല്‍പ്പറ്റ: നിരാലംബരായ അഗതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയുടെ കരട് ലിസ്റ്റ് ജില്ലയില്‍ പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഗുണഭോക്താക്കള്‍ക്കു പുറമെ പുതുതായി കണ്ടെത്തിയവരെ കൂടി ചേര്‍ത്തുള്ള സമഗ്ര ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുടുംബശ്രീ നിയമിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് 10,184 പേരുടെ വീടുകളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം 4,500ഓളം പേരാണ് കരട് പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്.
കരട് ലിസ്റ്റ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ വഴി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. 11നു വൈകീട്ട് നാലിനു മുമ്പ് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപം ഉന്നയിക്കാം. അര്‍ഹതയുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ പരാതി നല്‍കാം. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കൈപ്പറ്റിയ പരാതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറും. സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ പരാതികളില്‍ നേരിട്ട് അന്വേഷണം നടത്തി നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. പ്രത്യേക അഗതി ഗ്രാമസഭ ചേര്‍ന്നു വിലയിരുത്തി നല്‍കുന്ന അന്തിമ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് അംഗീകരിക്കും.
തുടര്‍ന്ന് മെഡിക്കല്‍ ക്യാംപുകള്‍ നടത്തി  പട്ടികയിലുള്‍പ്പെട്ട അഗതികളുടെ ആരോഗ്യവിവര ശേഖരണം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വിശദ പ്രൊജക്റ്റ് കുടുംബശ്രീ ജില്ലാ മിഷന് സമര്‍പ്പിക്കും. സാങ്കേതിക പരിശോധനയ്ക്കു ശേഷം പദ്ധതികള്‍ ജില്ലാ മിഷന്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കും. തുടര്‍ന്ന് പദ്ധതികള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കുകയും തുക അനുവദിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it