thiruvananthapuram local

ജില്ലയില്‍ കടുത്ത കുടിവെള്ളക്ഷാമത്തിന് സാധ്യത

തിരുവനന്തപുരം: ശുദ്ധജലം സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ജില്ലയില്‍  ഈവര്‍ഷം കടുത്ത കുടിവെള്ള പ്രശ്‌നം ഉടലെടുക്കുമെന്ന് ആശങ്ക.  കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം നഗരപരിധിയും നെടുമങ്ങാട് ബ്ലോക്കും അര്‍ധസുരക്ഷിത വിഭാഗത്തില്‍പ്പെടുന്നതാണ്. ഭൂഗര്‍ഭജല ചൂഷണം ഒഴിവാക്കുന്നതിന് ഈ മേഖലയില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. ഫഌറ്റുകളുടെ അതിപ്രസരം അമിത ഭൂഗര്‍ഭജല ചൂഷണത്തിനു കാരണമാവുന്നുണ്ട്.
ജില്ലാ ആസൂത്രണസമിതി തയ്യാറാക്കിയ പദ്ധതി നിര്‍ദേശങ്ങളില്‍ ജില്ലയില്‍ കുടിവെള്ള സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധനല്‍കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016ല്‍ മഴ കുറവുള്ള ജില്ലകളില്‍ രണ്ടാമത്തേത് തിരുവനന്തപുരമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനം കുറവുണ്ടായി. 2017ലും മഴയില്‍ കുറവുണ്ടായ ജില്ലകളില്‍ ഒന്ന് തിരുവനന്തപുരമാണ്. അവസാന ആറുമാസങ്ങളില്‍ 400 മില്ലിമീറ്ററില്‍ താഴെയാണ് മഴ ലഭിച്ചത്. തീരദേശ പഞ്ചായത്തുകളായ അഞ്ചുതെങ്ങിലും പൂവാറിലുമാണ് രൂക്ഷമായ കുടിവെള്ളക്ഷാമമുള്ളത്. ഈ രണ്ട് പഞ്ചായത്തുകള്‍ക്കും വേണ്ടി പ്രത്യേക കുടിവെള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. ഭൂഗര്‍ഭ ജലസ്രോതസ്സുകളുടെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തണമെന്നാണ് ആസൂത്രണ സമിതിയുടെ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.  നിലവിലെ കുടിവെള്ള പദ്ധതികള്‍ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തുകൊണ്ട് പരമാവധി പേര്‍ക്ക് വെള്ളം എത്തിക്കണം. നെയ്യാര്‍, വാമനപുരം നദി, അരുവിക്കര സംഭരണി എന്നിവ കേന്ദ്രീകരിച്ച് നിലവില്‍ തയ്യാറാക്കിയ പദ്ധതികള്‍ വഴിയും പുതിയവ ആവിഷ്‌കരിച്ചും കുടിവെള്ളവിതരണം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആസൂത്രണ സമിതി ചൂണ്ടിക്കാട്ടുന്നു. അരുവിക്കര ജലസംഭരണിയിലെ ചെളിമാറ്റി സംഭരണശേഷി വര്‍ധിപ്പിക്കണം. ഭൂമി അളന്ന് തിട്ടപ്പെടുത്തണം. വെള്ളായണി കായലും ഇതുപോലെ സംരക്ഷിക്കണം. നഗരത്തിന്റെ പ്രധാന ജലസ്രോതസ്സായ കരമന നദിയിലെ മലിനീകരണം തടയുന്നതിന് പ്രാമുഖ്യം നല്‍കണം.
ഖരമാലിന്യങ്ങളും സ്വീവറേജ് മാലിന്യവും ജലാശയങ്ങളില്‍ തള്ളുന്നത് തടയാന്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ശക്തിപ്പെടുത്തണം. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ 614 കുളങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കണം. ഈ നീരുറവകള്‍ സ്രോതസ്സാക്കി പഞ്ചായത്തുതലങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കണം. ഉപയോഗശൂന്യമായ കിണറുകള്‍ നവീകരിക്കുക. ഭൂജലം റീചാര്‍ജ് ചെയ്യാനായി മഴക്കുഴി, ചെക്ക്ഡാമുകള്‍, കിടങ്ങുകള്‍ എന്നിവ നിര്‍മിക്കാനും ആസൂത്രണ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. മലയിന്‍കീഴ്, അമ്പൂരി, ആര്യനാട്, കുളത്തുമ്മല്‍, വട്ടിയൂര്‍ക്കാവ് എന്നീ സ്ഥലങ്ങളില്‍ കുഴല്‍ക്കിണറുകളില്‍ ജലവിതാനം താഴുന്നതായാണ് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവല്ലംകോവളം, വെള്ളറട, കള്ളിക്കാട്, കുളത്തൂര്‍, ശാര്‍ക്കരചിറയിന്‍കീഴ്, ഇടവ, പഴയകുന്നുമ്മേല്‍, കരവാരം, കടകംപള്ളി എന്നിവിടങ്ങളിലും ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നുണ്ട്. അരുവിക്കര അടക്കമുള്ള ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ പ്ലാന്റുകളിലെ സംഭരണികള്‍ സംരക്ഷിക്കാനുള്ള നടപടികളുമില്ല.
2015ല്‍ ജില്ലയില്‍ ജലത്തിന്റെ ആവശ്യകത 1.8084 ബില്യന്‍ ക്യൂബിക് മീറ്റര്‍ ആയിരുന്നു. 2020 ആകുമ്പോള്‍ 1.8229 ആയി വര്‍ധിക്കും. എന്നാല്‍ ശുദ്ധജലത്തിന്റെ അളവില്‍ വന്‍കുറവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. ജില്ലയില്‍ 71.87ശതമാനം  പേര്‍ക്ക് നിലവിലുള്ള കുടിവെള്ളപദ്ധതികള്‍ വഴി ജലം ലഭ്യമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it