palakkad local

ജില്ലയില്‍ കടയടപ്പ് സമരം ഭാഗികം

പാലക്കാട്: പട്ടാമ്പിയില്‍ വാണിജ്യനികുതി വകുപ്പിന്റെ കടപരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി ഗതാഗത തടസമുണ്ടാക്കിയ സംഭവത്തേത്തുടര്‍ന്നുണ്ടായ പോലിസ് ലാത്തിച്ചാര്‍ജ്ജിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടമുടക്ക് സമരം ജില്ലയില്‍ ഭാഗികം. പട്ടാമ്പി നഗരം ഒഴിച്ച് ജില്ലയിലെ മറ്റിടങ്ങളില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു. ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും സംഘടന സമരത്തില്‍ പങ്കെടുത്തില്ല.
അതേസമയം വ്യാപാരികളുടെ കടയടപ്പ് സമരവുമായി ബന്ധപ്പെട്ട് ജില്ലയിലെവിടേയും യാതൊരു അക്രമ സംഭവങ്ങളും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലിസ് പറഞ്ഞു. പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പതിവുപോലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് പ്രസ് ക്ലബ് റോഡിലൂടെ പ്രകടനം കടന്നുപോകുമ്പോഴും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഭാഗികമായി ഷട്ടര്‍ താഴ്ത്തിയിടാന്‍ മാത്രമാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. പാലക്കാട് വലിയങ്ങാടിയിലും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ വ്യാപാരികള്‍ പാലക്കാട് വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ പോലിസുദ്യോഗസ്ഥര്‍ക്കെതിരേയും വ്യാപാരസഥാപനങ്ങള്‍ പരിശോധന നടത്തിയ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് ജോബി വി ചുങ്കത്ത് ആവശ്യപ്പെട്ടു. വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദ്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും ജോബി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചൊവ്വാഴ്ച രാവിലെ വാണിജ്യ നികുതി വകുപ്പധികൃതര്‍ പട്ടാമ്പിയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ചില വ്യാപാരികള്‍ അതിനെതിരെ നിലക്കൊണ്ടതോടെ ബുധനാഴ്ച രാവിലെ പോലിസ് സുരക്ഷയോടെ കടപരിശോധനയ്ക്ക് വാണിജ്യനികുതി വകുപ്പധികൃതര്‍ എത്തുകയായിരുന്നു. എന്നാല്‍ കട പരിശോധന നടക്കുന്നതിനിടെ പട്ടാമ്പി-കൂറ്റാനാട്-ഗുരുവായൂര്‍ റോഡ് ഒരു മണിക്കൂറോളം ഉപരോധിക്കുകയായിരുന്നു. ഇതുമൂലം മേലെ പട്ടാമ്പിയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കടപരിശോധന പൂര്‍ത്തിയാക്കി വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരും പോലിസുദ്യോഗസ്ഥരും വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ ഉദ്യോഗസ്ഥരുടെ കൈവശമുള്ള രേഖകള്‍ ചീന്തി വലിച്ചെറിയുകയും വ്യാപാരി വ്യാവസായി ഏകോപന സമിതിക്കുവേണ്ടി മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പോലിസ് സംയമനം പാലിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പിന്‍മാറുന്നില്ലെന്ന് കണ്ടതോടെ ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. ലാത്തി ചാര്‍ജില്‍ നാലോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
കണ്ടാലറിയാവുന്ന 35 ഓളം പേര്‍ക്കെതിരേ പട്ടാമ്പി പോലിസ് കേസെടുക്കുകയും അഞ്ചോളം പേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി നസറുദീന്‍, സി പി മുഹമ്മദ് എം എല്‍ എ എന്നിവര്‍ സേവന ആശുപത്രിയിലുള്ളവരെ സന്ദര്‍ശിക്കുകയും പരിക്കേറ്റവരെ സാന്ത്വനിപ്പിക്കുകയുമായിരുന്നു. വ്യാപാരികളല്ലാ അക്രമത്തിന് ശ്രമിച്ചെതെന്നും വേറെ ചിലര്‍ ബോധപൂര്‍വം അക്രമമുണ്ടാക്കുകയായിരുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി നേരത്തെ പാലക്കാടുണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റായ ജോബി വി ചുങ്കത്ത് കൃതൃമമായി ഭൂരിപക്ഷമുണ്ടാക്കുകയായിരുന്നുവെന്ന് എതിര്‍ സ്ഥാനാര്‍ഥിയും പട്ടാമ്പി മേഖലാ കമ്മിറ്റി നേതാവുമായ ബാബു കോട്ടയില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവിഭാഗവും പോര്‍വിളികളും കണ്‍വെന്‍ഷനുകളും മല്‍സരിച്ച് നടത്തിയതോടെയാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ സംസ്ഥാന പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്.
പാലക്കാട് നഗരത്തില്‍ വ്യാപാരഭവനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സുല്‍ത്താന്‍പേട്ട, കോയമ്പത്തൂര്‍ റോഡ്, സ്റ്റേഡിയം ബൈപാസ് റോഡ് വഴിയാണ് കമ്മീഷണര്‍ ഓഫിസിന് മുന്നിലെത്തിയത്. ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി എം എം ഹബീബ് അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it