kasaragod local

ജില്ലയില്‍ കഞ്ചാവ്-മണല്‍ മാഫിയാ സംഘം പിടിമുറുക്കുന്നു

കാസര്‍കോട്: കാസര്‍കോടും പരിസരവും കഞ്ചാവ്-മണല്‍മാഫിയ പിടിമുറുക്കുന്നു. ഒരാഴ്ച മുമ്പ് ഉളിയടത്തടുക്കയില്‍ രണ്ട് സംഘം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതറിഞ്ഞ് കാസര്‍കോട്, വിദ്യാനഗര്‍ പോലിസിന്റെ നേതൃത്വത്തില്‍ എത്തി ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു.
കഞ്ചാവ് - മണല്‍ കടത്ത് സംഘവും ഹവാല വിതരണം ചെയ്യുന്ന ചിലരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലിസ് പറയുന്നു.
അടുത്തകാലത്ത് കാസര്‍കോട് കഞ്ചാവ് കടത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെമനാട് പാലത്തിന് താഴെ കാറില്‍ വച്ച് 450 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരാണ് ജില്ലയിലെ ലഹരി മാഫിയയുടെ കാരിയറായി പ്രവര്‍ത്തിക്കുന്നതെന്ന് പോലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ പോലിസ്-എക്‌സൈസ് സംഘം പിടികൂടിയത് എട്ടു ക്വിന്റലോളം കഞ്ചാവായിരുന്നു. സംസ്ഥാനത്തു തന്നെ കഞ്ചാവു കടത്തിന്റെ പ്രധാന താവളമായി ജില്ല മാറിയിട്ടുണ്ട്.
മണല്‍ കള്ളക്കടത്തും ജില്ലയില്‍ സജീവമാണ്. പട്രോളിങ് നടത്തുന്ന ചിലപോലിസുകാരുടെ ഒത്താശയോടെ ടണ്‍ കണക്കിന് മണലാണ് കടത്തുന്നത്. പുഴക്കടവുകളില്‍ ശക്തമായ നിരീക്ഷണമുള്ളതിനാല്‍ കടല്‍ മണലാണ് ഇപ്പോള്‍ കടത്തുന്നത്. കര്‍ണാടകയിലെ മംഗളൂരു, ഉഡുപ്പി, കുന്ദാപുര എന്നിവടങ്ങളില്‍ നിന്നും എത്തുന്ന മണല്‍ പാസിന്റെ മറവിലാണ് ജില്ലയിലെ മണല്‍ മാഫിയകള്‍ കരിഞ്ചന്തയ്ക്ക് മണല്‍ വില്‍ക്കുന്നത്. കാസര്‍കോട് പരിസരങ്ങളിലെ കുന്നിടിച്ചും മണ്ണ് കടത്തുന്നതും സജീവമായിട്ടുണ്ട്.
മണ്ണ്-മണല്‍ കടത്തുകാരുടെ സഹായിയായി ചില പോലിസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും സംഘടനാ ബലത്തില്‍ കേസിലകപ്പെടാതെ രക്ഷപ്പെടുന്നത് മണല്‍ മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ബലത്തിലാണ്. കാഞ്ഞങ്ങാട് പ്രദേശത്ത് ഭരണകക്ഷിയിലെ ചില ഉന്നതരാണ് ക്രഷര്‍-മണ്ണ് മാഫിയകളുടെ നേതൃത്വം വഹിക്കുന്നത്. ഇ-മണല്‍ സംവിധാനം അട്ടിമറിച്ച് കരിഞ്ചന്തയില്‍ മാത്രം മണല്‍ ലഭിക്കുന്ന നിലയാണ് ജില്ലയിലേത്. കഞ്ചാവ് കാസര്‍കോട് എത്തുന്നത് ആന്ദ്രയില്‍ നിന്നാണെന്ന് പോലിസ് പറയുന്നു.
എന്നാല്‍ പലപ്പോഴും പിടിയിലാവുന്നത് ഏജന്റുമാരാണ്. അതിനാല്‍ കഞ്ചാവ് ജില്ലയിലെത്തിക്കുന്ന ഉന്നതരെ കുറിച്ച് അന്വേഷണം നടക്കുന്നില്ല. ക്വി ന്റല്‍ കണക്കിന് പിടികൂടിയിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പോലിസിന് സാധിക്കാത്തതാണ് കഞ്ചാവ് മാഫിയക്ക് സഹായകരമാവുന്നത്.

Next Story

RELATED STORIES

Share it