Alappuzha local

ജില്ലയില്‍ ഓശാന ഞായര്‍ ആഘോഷിച്ചു

ചേര്‍ത്തല: യേശു ദേവന്റെ ജറുസലേം പ്രവേശന സ്മരണയുണര്‍ത്തി ഓശാന. ജറുസലേമിലേക്കു യേശുദേവനെ ആഘോഷാരവങ്ങളോടെ സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ നടന്ന കുരുത്തോല പ്രദക്ഷിണം. വിശ്വാസദീപ്തമായ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനു വിശ്വാസികളാണ് അണിനിരന്നത്. ഒലിവ് മരച്ചില്ലകള്‍ ഉയര്‍ത്തി വീശി ദൈവപുത്രന് ഓശാന പാടിയ പുണ്യദിനത്തിന്റെ ഓര്‍മകളില്‍ വെഞ്ചരിച്ച കുരുത്തോലകളുമായി യേശുദേവനെ വാഴ്ത്തി.
പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലില്‍ നിന്നും പൂങ്കാവ് പള്ളിയിലേക്കു രാവിലെ നടന്ന പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ പനഞ്ചിക്കല്‍ മുഖ്യകാര്‍മികനായി. ഫാ. റാഫി കൂട്ടുങ്കല്‍ വചനപ്രഘോഷണം നടത്തി. റവ. ഡോ. ഫ്രാന്‍സിസ് കുരിശിങ്കല്‍, ഫാ. ജെറിന്‍ ജോര്‍ജ് എത്തോത്തറ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വൈകുന്നേരം നാലിന് ചെട്ടി—കാട് കടപ്പുറത്തു നിന്നും നടന്ന ഗ്രാമീണ ശ്ലീവാ പാതയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ജോസഫ് കരിത്തോടത്ത് പീഢാനുഭവ പ്രസംഗം നടത്തി. ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഓശാന തിരുനാള്‍ പ്രദക്ഷിണത്തിനു ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികനായി.
മാങ്കാംകുഴി: വെട്ടിയാര്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ പീഡാനുഭവവാരാചരണത്തിനു തുടക്കമായി. ഇന്നലെ ഓശാന ശുശ്രൂഷയും വൈകുന്നേരം കരുണകൊന്തയും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന, ദുഃഖ വെള്ളി ശുശ്രൂഷ, ഉയിര്‍പ്പു ശുശ്രൂഷ എന്നീ പ്രാര്‍ഥനാചടങ്ങുകളും 23നു വൈകുന്നേരം ആറിന് ജോണ്‍ പോള്‍ പീഡാനുഭവ സന്ദേശവും നല്‍കുമെന്നു ഇടവക വികാരി ഫാ. ജോണ്‍ ആലുവിള ഒ ഐ സി അറിയിച്ചു.
Next Story

RELATED STORIES

Share it