Alappuzha local

ജില്ലയില്‍ ഒമ്പതു കമ്പനി കേന്ദ്ര പോലിസിനെ വിന്യസിപ്പിക്കും

ആലപ്പുഴ: 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താന്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ക്രമസമാധനപാലനത്തിന് ഒമ്പത് കമ്പനി കേന്ദ്ര പോലിസിനെ(സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സ്) ജില്ലയില്‍ പല ഭാഗങ്ങളിലായി വിന്യസിക്കും. 650 ഓളം കേന്ദ്ര പോലിസ് സേന ജില്ലയില്‍ എത്തിയതായി കലക്ടര്‍ പറഞ്ഞു. സേന പലഭാഗങ്ങളിലും റൂട്ട് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നുണ്ട്. പ്രശ്‌നസാധ്യതയുള്ള ബുത്തുകളില്‍ നാല് കേന്ദ്ര പോലിസ് സേനാംഗങ്ങളെ നിയോഗിക്കും.
ഓരോ നിയോജകമണ്ഡലത്തിലും രണ്ടു വനിതാ പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകള്‍ മാത്രമേ നീക്കം ചെയ്യാവുവെന്ന് ഫഌയിങ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കുന്നതിന് ഉടമകളുടെ അനുമതി വാങ്ങണം. പരസ്യ സ്വഭാവമുള്ള വീഡിയോകളും മറ്റും പ്രദര്‍ശിപ്പിക്കുന്നതിനും എസ്എംഎസ്, വോയിസ് മെസേജുകള്‍ എന്നിവയ്ക്കും എംസിഎംസിയുടെ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. രാഷ്ട്രീയകക്ഷി പ്രതിനിധികളായ ആര്‍ നാസര്‍, സി വാമദേവ്, അഡ്വ. ബി ഗിരീഷ്, ആര്‍ ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it