kannur local

ജില്ലയില്‍ ഒന്നാം ക്ലാസില്‍ 10.99 ശതമാനം കുട്ടികളുടെ വര്‍ധന



കണ്ണൂര്‍: സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വര്‍ധിച്ചത് കണ്ണൂര്‍ ജില്ലയില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.99 ശതമാനത്തിന്റെ വര്‍ധനയാണ് ജില്ലയിലുണ്ടായത്. കോഴിക്കോട് (6.62 %), കാസര്‍ക്കോട് (6.15%) ജില്ലകളാണ് തൊട്ടുപിന്നില്‍. 4.56 ശതമാനമാണ് സംസ്ഥാന ശരാശരി. കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 589 കുട്ടികളും  എയ്ഡഡ് സ്‌കൂളുകളില്‍ 1795 കുട്ടികളുമായി ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2384 കുട്ടികളാണ് ഇക്കുറി അധികമായെത്തിയത്. മുന്‍വര്‍ഷം ആകെയുണ്ടായിരുന്ന 21696 കൂട്ടികളുടെ 10.99 ശതമാനം  ആണിത്. മലപ്പുറം ജില്ലയില്‍ 2839 കുട്ടികള്‍ കൂടിയെങ്കിലും 5.39 ശതമാനമാണ് ആകെ വര്‍ധന. ഈ വര്‍ഷം 10 ശതമാനം കുട്ടികളുടെ വര്‍ധന ഒന്നാംക്ലാസില്‍ ഉണ്ടാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ അത് മറികടന്ന് തിളക്കമാര്‍ന്ന നേട്ടമാണ് ജില്ല കൈവരിച്ചത്. സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരികെ തിരുമുറ്റത്തേക്ക് കാംപയിന്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് ഈ വര്‍ധന വ്യക്തമാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 16ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ പി ലത, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എസ് പി ശിവവിക്രം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കടാങ്കോട് വാരം മാപ്പിള എല്‍പി സ്‌കൂളില്‍ നടത്തിയ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം വിവിധയിടങ്ങളിലായി 137  കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. വിദ്യാര്‍ഥികളില്‍ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കാന്‍ ഓരോ സ്‌കൂളിലും ഇംഗ്ലീഷ്, ഹിന്ദി കമ്മ്യൂണിക്കേഷന്‍ ക്ലബ്ബുകള്‍ രൂപീകരിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാണ്.
Next Story

RELATED STORIES

Share it