Kollam Local

ജില്ലയില്‍ എലിപ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്‌

കൊല്ലം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി വി ഷേര്‍ളി അറിയിച്ചു. എലി, പശു, പട്ടി, പൂച്ച, മറ്റ് കാര്‍ന്ന് തിന്നുന്ന ജീവികള്‍ എന്നിവയില്‍ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മൂത്രത്തിലൂടെ അശുദ്ധമായ ജലം, മണ്ണ്, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുക. മലിനജലത്തില്‍ കുളിക്കുക, ചേറിലും ചെളിയിലും പാടങ്ങളിലും പണിയെടുക്കുക, രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുക എന്നിങ്ങനേയും രോഗം പകരും.പനി, കടുത്ത തലവേദന, ഇടുപ്പിലും മാംസപേശികളിലും കഠിനമായ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. കരള്‍, വൃക്ക, ശ്വാസകോശം, കുടല്‍ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് കാരണമായേക്കാം.എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, മീന്‍പിടുത്തക്കാര്‍, കര്‍ഷകര്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, വളര്‍ത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവര്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണം.തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ ജലം മാത്രം കുടിക്കുക വഴി രോഗം പ്രതിരോധിക്കാം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കണം. വ്യക്തി ശുചിത്വവും പാലിക്കണം. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സ്വയം ചികില്‍സ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടണമെന്നും ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it