Pathanamthitta local

ജില്ലയില്‍ എട്ട് പിഎച്ച്‌സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകും

പത്തനംതിട്ട: സര്‍ക്കാരിന്റെ ആരോഗ്യസേവനം കൂടുതല്‍ ഗ്രാമീണര്‍ക്ക് ലഭ്യമാകാന്‍ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നു. ജില്ലയില്‍ അഞ്ച് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. മൂന്നെണ്ണമാണ് ഇപ്പോള്‍ ഈ പദവിയില്‍ ഉള്ളത്. പന്തളം, ചെന്നീര്‍ക്കര, ഓതറ എന്നിവക്കൊപ്പം നിരണം, കോട്ടാങ്ങല്‍, വടശേരിക്കര, പള്ളിക്കല്‍, തണ്ണിത്തോട് എന്നിവയാണിവ.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് വരെയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉച്ചവരെ പ്രവര്‍ത്തിക്കുമ്പോഴാണ് ഇവിടെ വൈകും വരെ സേവനം കിട്ടുന്നത്. രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടാക്കുക. ഒരാളെ ദേശിയ ആരോഗ്യദൗത്യം നിയമിക്കും. ഒരാളെ ആരോഗ്യവകുപ്പും. വൈകിട്ട് ആറ് വരെ ലാബും പ്രവര്‍ത്തിക്കും. ബുധനാഴ്ച തോറും വിഷാദരോഗ ക്ലിനിക്ക് പ്രവര്‍ത്തിക്കും. പ്രായമായവരുടെ ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രത്യേക ചികില്‍സയുമായി 'ശ്വാസ്' എന്ന ക്ലിനിക്കും ഉണ്ടാകും. സ്റ്റാഫ് നഴ്‌സുമാരും മറ്റ് ജീവനക്കാരും അധികം വരും. കെട്ടിടനവീകരണം ദേശീയ ആരോഗ്യദൗത്യം ചെയ്യും.
രോഗികളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രേഖയാക്കുന്ന പ്രവര്‍ത്തനം തുടങ്ങുകയാണ്. ഇതിനായി വിവരശേഖരണം തുടങ്ങി. ഒപിയില്‍ എത്തുന്ന രോഗിയുടെ വിവരം കംപ്യൂട്ടറിലേക്ക് രേഖപ്പെടുത്തി നമ്പരും നല്‍കും. ഡോക്ടര്‍ക്ക് ഈ നമ്പര്‍ വഴി ഫോള്‍ഡറില്‍ പ്രവേശിച്ച് രോഗിയുടെ വിവരങ്ങള്‍ കാണാം. ആധാര്‍ നമ്പര്‍ വഴിയാണ് രജിസ്‌ട്രേഷന്‍. രോഗി പിന്നീട് വരുമ്പോഴും ഇതേ ഫയല്‍ തന്നെ ആശ്രയിക്കാം. റഫര്‍ ചെയ്താല്‍ ഇതേ വിവരം വെച്ച് മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍ക്ക് തുറന്ന് വായിക്കാം. കുടുംബാരോഗ്യപ്രവര്‍ത്തകര്‍ വീട് കയറി ശേഖരിക്കുന്ന വിവരങ്ങള്‍ ടാബിലാക്കുകയും ചെയ്യും. വീട്ടുകാര്‍ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ അതുകൊണ്ട് രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ നമ്പര്‍ കൊണ്ട് ആശുപത്രിയില്‍ ചെന്നാല്‍ തുടര്‍ചികില്‍സ എളുപ്പമാക്കാം. കുട്ടികളുടെ കുത്തിവെയപ്പ്, പ്രതിരോധമരുന്ന് വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അന്നന്ന് ഡയറക്ടര്‍ക്ക് പരിശോധിക്കാനാകും. വാര്‍ത്താ സമ്മേളനത്തില്‍ ഡിഎംഒ ഡോ. അനിതകുമാരി, ഡോ. ആര്‍ സന്തോഷ് കുമാര്‍, ടി കെ അശോക് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it