thiruvananthapuram local

ജില്ലയില്‍ ഇന്നലെ പത്രിക നല്‍കിയത് 16 പേര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ ഇന്നലെ 16 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ ആകെ ലഭിച്ച പത്രികകളുടെ എണ്ണം 50 ആയി. ചിറയിന്‍കീഴ,് കഴക്കൂട്ടം മണ്ഡലങ്ങളിലേക്ക് മൂന്നു വീതവും വര്‍ക്കല, ആറ്റിങ്ങല്‍, വാമനപുരം മണ്ഡലങ്ങളിലേക്ക് രണ്ടു വീതവും വട്ടിയൂര്‍ക്കാവ്, അരുവിക്കര, പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലേക്ക് ഒന്നു വീതവും പത്രികകളാണ് ലഭിച്ചത്.
ചിറയിന്‍കീഴ് മണ്ഡലത്തില്‍ (എസ്‌സി സംവരണം) ശശി ടി പി (വെല്‍ഫെയര്‍ പാര്‍ട്ടി), ഡോ. പി പി വാവ (ബിജെപി), ശാന്തിനി (സ്വത.), കഴക്കൂട്ടം മണ്ഡലത്തില്‍ അനീഷ് (സ്വത.), എം എ വാഹിദ് (കോണ്‍-ഐ), മണിമേഖല (സ്വത.), വര്‍ക്കലയില്‍ വര്‍ക്കല കഹാര്‍ (കോണ്‍-ഐ), വേലുശ്ശേരി അബ്ദുല്‍സലാം (എസ്ഡിപിഐ), ആറ്റിങ്ങലില്‍ ബി സത്യന്‍ (സിപി—എം), കെ ശിവാനന്ദന്‍ (ബിഎസ്പി), വാമനപുരത്ത് ടി ശരത്ചന്ദ്രപ്രസാദ് (കോണ്‍-ഐ), നിഖില്‍ (ബിഡിജെഎസ്), വട്ടിയൂര്‍ക്കാവില്‍ അമ്പിളി വി (സിപി—എം ഡെമ്മി), അരുവിക്കരയില്‍ രാജസേനന്‍ (ബിജെപി), പാറശ്ശാലയില്‍ ക്രിസ്റ്റഫര്‍ ഷാജു (സ്വത.), നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലന്‍ (സിപി—എം) എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചവര്‍.
എം എ വാഹിദ് പത്രിക സമര്‍പ്പിച്ചു
കഴക്കൂട്ടം: കഴക്കൂട്ടം നിയമസഭാ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ അഡ്വ. എം എ വാഹിദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ കഴക്കൂട്ടം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ എം എസ് അനില്‍കുമാര്‍ മുമ്പാകെയായിരുന്നു പത്രികാ സമര്‍പ്പണം. പത്രികാ സമര്‍പ്പണത്തിനു മുന്നോടിയായി രാവിലെ 9 മണിയോടെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കാട്ടായിക്കോണം വി ശ്രീധരന്‍ സ്മാരകം, ചെമ്പഴന്തി ഗുരുകുലം തോന്നക്കല്‍ കുമാരനാശാന്‍ സ്മാരകം, അണിയൂര്‍ ശ്രീചട്ടമ്പി സ്വാമി- ശ്രീനാരായണഗുരു സ്മൃതിമണ്ഡപങ്ങള്‍, അയ്യന്‍കാളി പ്രതിമ എന്നിവിടങ്ങളില്‍ പുഷ്പസമര്‍പ്പണം നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാനായി കഴക്കൂട്ടത്ത് എത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍, ചെമ്പഴന്തി അനില്‍, സദാനന്ദന്‍, മണ്‍വിള സൈനുദ്ദീന്‍, സുരേഷ്‌കുമാര്‍, പ്രമോദ് എന്നീ യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് വാഹിദ് പത്രകാ സമര്‍പ്പണത്തിന് എത്തിയത്.
വര്‍ക്കല കഹാര്‍ പത്രിക സമര്‍പ്പിച്ചു
വര്‍ക്കല: വര്‍ക്കല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വര്‍ക്കല നിയോജകമണ്ഡലം ഉപവരണാധികാരിയായ ഡി ഗോപാലകൃഷ്ണപിള്ളയ്ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ സുദര്‍ശനന്‍, ഡിസിസി വൈസ് പ്രസിഡന്റ് പി എം ബഷീര്‍, മുസ്‌ലിംലീഗ് പ്രതിനിധി ഐ എസ് ഷംസുദ്ദീന്‍, ആര്‍എസ്പി പ്രാദേശിക നേതാവ് അഡ്വ. എസ് കൃഷ്ണകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂല—ത്തില്‍ നാലു ബാങ്ക് അക്കൗണ്ടുകളിലായി കഹാറിന് അരലക്ഷം രൂപയുള്ളതായി വ്യക്തമാക്കി. കൈവശം പതിനായിരം രൂപ, കഹാറിന്റെ ഭാര്യയുടെ പേരില്‍ ഒരു ഇന്നോവ കാര്‍, 13 സെന്റില്‍ 3000 ചതുരശ്ര വിസ്തീര്‍ണമുള്ള വീടുണ്ട്. മൊത്തം മൂല്യം 93 ലക്ഷം രൂപയും ഉള്ളതായും സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
Next Story

RELATED STORIES

Share it