wayanad local

ജില്ലയില്‍ ആറു ലാബുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

മാനന്തവാടി: സേഫ് കേരള കാംപയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ജില്ലയില്‍ സ്വകാര്യ മേഖലയിലെ ആറു ലാബുകള്‍ അടച്ചുപൂട്ടാനും 41 എണ്ണത്തിന് നോട്ടീസ് നല്‍കാനും തീരുമാനിച്ചു.
ക്ലിനിക്കുകള്‍, സ്വകാര്യ ലബോട്ടറികള്‍, എക്‌സറേ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. സ്വകാര്യ ആശുപത്രികളോടനുബന്ധിച്ചതും അല്ലാത്തതുമായ ലാബുകളിലാണ് പരിശോധന നടത്തിയത്.
അതാതു പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലാബുകളിലെ പരിശോധന. ശുചിത്വം, ഉപകരണങ്ങളുടെ ഗുണമേന്മ, മരുന്നുകളുടെ കാലാവധി, ലാബ് ടെക്‌നീഷ്യന്മാരുടെ യോഗ്യതകള്‍ എന്നിവയാണ് പരിശോധിച്ചത്. പരിശോധനയില്‍ ജില്ലയിലെ ഭൂരിഭാഗം മെഡിക്കല്‍ ലാബുകളിലും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തി. ഇതില്‍ ഗുരുതര വീഴ്ചവരുത്തിയ ലാബുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയും 41 ലാബുകള്‍ക്ക് ഡിഎംഒ മുഖേന നോട്ടീസ് നല്‍കാനുമാണ് ഇന്നലെ തീരുമാനിച്ചത്.
സുല്‍ത്താന്‍ ബത്തേരിയിലെ മെഡിക്കല്‍ ലാബോറട്ടറികളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഡെപ്യൂട്ടി ഡിഎംയുടെ നേതൃത്തിലായിരുന്നു പരിശിശോധന. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ താലൂക്ക് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു സമീപത്തെ ലബോറട്ടറി പൂട്ടാന്‍ നിര്‍ദേശം നല്‍കി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജീവന്‍ലാല്‍, ഡോ. സിന്ധു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുനില്‍ദത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി ബാബു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it