kasaragod local

ജില്ലയില്‍ ആരോഗ്യവകുപ്പില്‍ വഴിവിട്ട നിയമനം നടത്തിയെന്ന്

കാസര്‍കോട്്: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ വഴിവിട്ട നിയമനം. ഇതോടെ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ നിയമനം മുടങ്ങി. 2016ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 66 പേരുടെ നിയമനമാണ് ചുവപ്പുനാടയില്‍കുടുങ്ങിയത്. 2011-12 കാലയളവില്‍ ഒമ്പത് പേര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തിരുന്നു. ഇതിന് പകരമായി അന്നത്തെ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 107 പേരെ പിഎസ് സിയില്‍ നിന്ന് നിയമിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായതിനാല്‍ കൂടുതല്‍ നഴ്‌സുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ആേരാഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചര്‍ ഉത്തരവിറക്കിയതാണ് ജൂനിയര്‍ നഴ്‌സുമാരുടെ നിയമനത്തിന് വിലങ്ങുതടിയായത്. 2012ല്‍ വിജ്ഞാപനം വരികയും 2014ല്‍ പരീക്ഷ എഴുതുകയും ചെയ്തവരുടെ ഫലം 2016ലാണ് പ്രസിദ്ധീകരിച്ചത്. 666/12 കാറ്റഗറിയില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ നിയമനമാണ് മുടങ്ങിക്കിടക്കുന്നത്. നിയമനത്തിനായി പിഎസ്‌സി ഓഫിസിലെത്തിയപ്പോള്‍ ഒഴിവുകള്‍ റിപോര്‍ട്ടുകള്‍ ചെയ്തിട്ടില്ലെന്നായിരുന്നു ലഭിച്ച മറുപടി. മുമ്പത്തെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2016ല്‍ റദ്ദാക്കിയിരുന്നു. പെന്‍ഷന്‍ ഏകീകരണം നിലവില്‍ വന്നതോടെ മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് അനധികൃതമായി 107 പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി നിയമനം നല്‍കിയത്. 42പേര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികയിലാണ് നിയമനം നല്‍കിയത്. പിന്നീട് ഒഴിവുകള്‍ വന്നപ്പോള്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ഇവരെ പുനര്‍ നിയമനം നടത്തികൊണ്ടിരിക്കുകയായിരുന്നു. ഇനിയും പുനര്‍ നിയമനം ലഭിക്കാന്‍ 42 പേരുണ്ട്. ഇവരെ നിയമച്ചതിന് ശേഷം മാത്രമേ ഇനി റാങ്ക് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ എടുക്കുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഇനി ഒന്നര വര്‍ഷം മാത്രമേ ബാക്കിയുള്ളു. ഇതിനിടയില്‍ ഇത്രയും പേര്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവര്‍ റിട്ടയര്‍ ചെയ്യാതെ മറ്റുള്ളവര്‍ക്ക് നിയമനവും കിട്ടില്ല. ഇതോടെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം കാത്തുകഴിയുന്ന ജില്ലയിലെ 66 പേരാണ് ദുരിതത്തിലായത്.
Next Story

RELATED STORIES

Share it