malappuram local

ജില്ലയില്‍ ആദിവാസി വികസനം പ്രഖ്യാപനത്തിലൊതുങ്ങുന്നു



കൃഷ്ണന്‍ എഞ്ഞിക്കല്‍

മലപ്പുറം: ജില്ലയില്‍ ആദിവാസി കോളനികളില്‍ ഊരുകൂട്ടം കൃത്യമായി വിളിച്ചു ചേര്‍ക്കപ്പെടുന്നില്ലെന്ന് ആദിവാസികള്‍. ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുന്ന കാലയളവില്‍ ചേരേണ്ട ഊരുകൂട്ടം ആദിവാസിമേഖലയിലെ ഗ്രാമസഭയാണ്. ഊരുകൂട്ടം വിളിചേര്‍ക്കേണ്ടത് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസറാണ്. വിഇഒ, ലേഡി വിഇഒ, കൃഷി അസിസ്റ്റന്‍ന്റ് ഓഫിസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പിഎച്ച്‌സി നഴ്‌സ്  അങ്കണവാടി വര്‍ക്കര്‍ വാര്‍ഡ് മെംബര്‍ എസ്ടി പ്രാമോട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കേണ്ട ഊരുകൂട്ടത്തില്‍ ഊരുമൂപ്പന്റെ അധ്യക്ഷതയിലാണ് ആദിവാസി വികസനം തീരുമാനിക്കപ്പെടുക. എന്നാല്‍ ജില്ലയിലെ ആദിവാസി ഊരുകളില്‍ ഇതുവരെ കൃത്യമായി ഊരുകൂട്ടം വിളിച്ചു ചേര്‍ക്കപ്പെട്ടത് രേഖകളില്‍ മാത്രമാണെന്ന് കോളനികളിലെ ശോചനീയാവസ്ഥ സാക്ഷ്യപ്പെടുത്തുന്നു.ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സമിതിയുടെ നിയന്ത്രണത്തില്‍ തന്നെയാണ് പ്രവര്‍ത്തികളുടെ ഏകോപനമെങ്കിലും ഊരുകളില്‍ വികസനം കടന്നുചെല്ലാത്തത് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കഴിവുകേടായി വിലയിരുത്തുന്നു. പെരിന്ത ല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് ഭാഗങ്ങളില്‍ വീട്, ഭൂമി, കുടി വെള്ളം, റോഡ് ഇല്ലാത്ത ഊരുകള്‍ നിരവധിയാണ്, വണ്ടൂര്‍ നിലമ്പൂര്‍, ഏറനാട് ഭാഗങ്ങളി ല്‍ താല്‍ക്കാലിക ഷെഡുകളി ല്‍ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്.മഴക്കാലം ആരംഭിക്കുന്നതോടെ ഇവരുടെ ദുരിതം ഏറുകയാണ്. പൂര്‍ത്തികരിക്കാന്‍ കഴിയാത്ത വീടിനു സമീപം പ്ലാസ്റ്റിക് ചാക്ക്‌കൊണ്ട് മറച്ച ഷെഡില്‍ കഴിയുന്നവര്‍ ഏറെയാണ്. 13ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ ഒന്‍പതോടെ ഗ്രാമസഭയും  ഊരുകൂട്ടവും ചേരാന്‍ തദ്ദേശസ്വയംഭരണ മന്ത്രിയുടെ നിര്‍ദേശം ഉണ്ടായിട്ടും ജില്ലയില്‍ ഊരുകൂട്ടം കൃത്യമായി വിളിച്ചു ചേര്‍ക്കപ്പെട്ടിട്ടില്ല. വളരെ പ്രാധാന്യമുണ്ടെന്ന് അവകാശപ്പെട്ട ഈ ഗ്രാമസഭ ഊരുകൂട്ടങ്ങളില്‍ കൂടിയാണ് പുതിയ പദ്ധതികള്‍ ഉരുത്തിരിയേണ്ടത്. എന്നാല്‍ നിര്‍ദേശം കൃത്യമായി പാലിക്കപ്പെടാത്തതുകൊണ്ട് വരും വര്‍ഷങ്ങളിലും നിലവിലുള്ള അവസ്ഥക്ക് മാറ്റമുണ്ടാവില്ല എന്നത് യാഥാ ര്‍ഥ അനുഭവമാണ്.ഊരുകൂട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ആദിവാസികളുടെ അജ്ഞത മുതലെടുത്താണ് രാഷ്ട്രീയക്കാര്‍ ഇവരെ ചൂഷണം നടത്തുന്നത്. കൃത്യമായ ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണ് ഊരുകൂട്ടം വിളിച്ച് ചേര്‍ക്കാത്തതും ആദിവാസി പങ്കാളിത്തമില്ലാത്തതിന്റെ കാരണമെന്നും ആദിവാസി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഊരുകൂട്ടം ക്വാറം തികയാത്തതു കൊണ്ട് വാര്‍ഡ് മെംബറും എസ്ടി പ്രമോട്ടറും മിനുട്‌സില്‍ പേര് ചേര്‍ത്ത് ഒപ്പിടുകയാണ് പതിവ്. ആദിവാസി മേഖലകളില്‍ നിയമിക്കപ്പെടുന്ന എസ്ടി പ്രമോട്ടര്‍മാര്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ബിനാമികളായി മാറുന്നതും വികസനത്തിന് തടസ്സമാവുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തകരായിട്ടുള്ളവരെ നിയമിക്കുക്കുകയാണ് ഇതിന് പരിഹാരമെന്ന് ആദിവാസി സംഘടന പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു.ജില്ലയിലെ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളില്‍ പലയിടങ്ങളിലും ഭക്ഷണത്തിന് മാത്രമാണ് ആദിവാസി കുട്ടികള്‍ എത്താറുള്ളത്. കഥകളും പാട്ടും മാത്രമായി ഒതുക്കുന്ന ഈ വിദ്യാലയങ്ങളിലെ കുട്ടികളുടെ ബൗദ്ധിക ശേഷി ഇല്ലാതാക്കുന്ന അധ്യാപന രീതിയാണ് കാലങ്ങളായി തുടരുന്നതെന്ന് ആക്ഷേപമുണ്ട്.  അധ്യാപകര്‍ ആദിവാസി സമൂഹത്തില്‍ നിന്ന് ഉള്ളവരാവണമെന്ന ആദിവാസികളുടെ ആവശ്യത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. വഴി സൗകര്യമില്ലാത്തതുകൊണ്ട് കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നിര്‍ത്തേണ്ടി വരുന്നു. സ്വന്തം കുടുംബത്തിന് കിടപ്പാടമില്ലാത്തതിന്റെ പേരില്‍ കല്യാണം കഴിക്കാന്‍ കഴിയാതെ രാത്രിയില്‍ ചെറുപ്പക്കാരായ ആദിവാസി യുവാക്കള്‍ഒന്നിച്ച് മരച്ചുവട്ടില്‍ കെട്ടിയ ഇലന്തയില്‍ (ഷെഡ്)  കഴിയാന്‍ വിധിക്കപ്പെട്ട ആദിവാസി യുവാക്കളുള്ള പെരുവംമ്പാടം കോളനിയിയെപോലെ  ജില്ലയില്‍നിരവധി കോളനികളുണ്ട്. കുടിവെള്ളമില്ലാത്തതുകൊണ്ട് പറങ്കിമാങ്ങ നീര് ഒരാഴ്ച്ച കുടി വെള്ളമായി ഉപയോഗിച്ച ഊര്‍ങ്ങാട്ടിരി മൈലാടി ആദിവാസി കോളനിയിലും വികസനം യാഥാര്‍ഥ്യമാവാത്തതിന്റെ കാരണക്കാര്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധമാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ ആദിവാസികളുടെ ദുരിതവും ആരംഭിക്കുകയാണ്.
Next Story

RELATED STORIES

Share it