Idukki local

ജില്ലയില്‍ അഞ്ച് ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചു

ചെറുതോണി: ജില്ലയില്‍ അഞ്ച് ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി പറഞ്ഞു. ഇത് സംബന്ധിച്ച് നേരത്തെ മന്ത്രിക്ക് നിവേദനം നല്‍കുകയും ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കട്ടപ്പന, പീരുമേട്, അടിമാലി മന്നാക്കണ്ടം, മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ്, കുമിളി എന്നിവിടങ്ങളിലാണ് ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒരു ഡിസ്‌പെന്‍സറിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 9 ജീവനക്കാരെയാണ് നിയമിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലയില്‍ 45 ജീവനക്കാരുടെ അധിക തസ്തിക സൃഷ്ടിച്ച് ഉത്തരവായി. അസിസ്റ്റന്റ് മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ഓക്‌സിലറി നേഴ്‌സ്, ക്ലര്‍ക്ക്, നേഴ്‌സിങ്ങ് അസിസ്റ്റ ന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍, ഓഫിസ് അറ്റന്‍ഡര്‍, പാര്‍ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ 9 പേരെയാണ് സ്ഥിരം തസ്തികയില്‍ നിയമിക്കുന്നത്. സംസ്ഥാനത്താകെ 18 ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതില്‍ 5 എണ്ണം ഇടുക്കി ജില്ലയ്ക്ക് നല്‍കിയത് വലിയ നേട്ടമാണെന്ന് എം പി പറഞ്ഞു. ജില്ലയിലെ ഇഎസ് ഐ ആക്ട് അനുസരിച്ച് ആനുകൂല്യം ലഭിക്കുന്ന 288 സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരകണക്കിനാളുകള്‍ക്ക് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം ചികിത്സാ രംഗത്ത് ഏറെ പ്രയോജനകരമാകുമെന്നും എം പി  പറഞ്ഞു.
Next Story

RELATED STORIES

Share it