malappuram local

ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നു

നിലമ്പൂര്‍: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആകെ പിടിച്ചെടുത്തത് 250 കിലോഗ്രാം കഞ്ചാവായിരുന്നു. ഇതിന്റെ പകുതിയാണ് 3 മാസം കൊണ്ട് ജില്ലയില്‍ നിന്നും മാത്രം പിടിച്ചെടുത്തത്. കഴിഞ്ഞവര്‍ഷം 922 കേസുകളാണ് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയതത്. ഇതില്‍ 573 പേര്‍ പിടിയിലായി. ഇതില്‍ കൂടുതലും രഹസ്യവിവരങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്.
ഇതിന്റെ മൂന്ന് ഇരട്ടിയെക്കിലും ജില്ലയില്‍ പിടിക്കപ്പെടാതെയും പോയിട്ടുണ്ട്. കഞ്ചാവിനോട് പ്രിയം കൂടി വരുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുവാക്കള്‍, കോളജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ജില്ലയിലെ കഞ്ചാവ് വില്‍പ്പന. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ജില്ലയില്‍ കഞ്ചാവ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി എക്‌സൈസും കണക്കുകള്‍ നിരത്തി ചൂണ്ടി കാട്ടുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് എത്തുന്നത്. 200ലേറെ ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ ജില്ലയില്‍ ഉള്ളതായും എക്‌സൈസ് വകുപ്പ് പറയുന്നു.
ജില്ലയിലെ 9 റെയ്ഞ്ച് ഓഫിസുകളിലെയും 6 സര്‍ക്കിള്‍ ഓഫീസുകളിലെയും എക്‌സൈസ് ജീവനക്കാര്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുപ്പോഴും ജില്ലയിലേക്കുള്ള കഞ്ചാവിന്റെ വരവ് കൂടുന്നുവെന്നത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും കാരിയര്‍മാരാക്കിയാണ് പുതിയ വില്‍പ്പന തന്ത്രം. ഒരു കിലോഗ്രാമില്‍ കുറവ് കഞ്ചാവാണ് കൈവശമുള്ളതെങ്കില്‍ ജാമ്യവും ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്തായാലും ജില്ലയില്‍ നിന്നും ഓരോ മാസവും ലക്ഷങ്ങളാണ് കഞ്ചാവ് മാഫിയകളുടെ പോക്കറ്റിലേക്ക് എത്തുന്നത്.
Next Story

RELATED STORIES

Share it