kannur local

ജില്ലയിലെ 50 ലൈബ്രറികള്‍ ജനസേവന കേന്ദ്രങ്ങളാക്കും

കണ്ണൂര്‍: ജില്ലയിലെ 50 ലൈബ്രറികള്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലൈബ്രറി കൗണ്‍സില്‍ പദ്ധതി രൂപീകരണ ശില്‍പശാലയില്‍ തീരുമാനം. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന 23 ലക്ഷം രൂപയും മറ്റ് ഏജന്‍സികളില്‍നിന്ന് സ്വരൂപിക്കുന്ന വഹിതവും ഉള്‍പ്പെടെ 50 ലക്ഷം രൂപയുടെ സാംസ്‌കാരിക പരിപാടികളാണ് ജില്ലയില്‍ നടപ്പാക്കുക.
രാവിലെ മുതല്‍ വൈകീട്ട് വരെ വിവിധ സേവനങ്ങള്‍ ലഭിക്കുന്ന കേന്ദ്രമായി ലൈബ്രറികളെ മാറ്റാന്‍ സാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തും. ജില്ലയുടെ സമഗ്രമായ സാംസ്‌കാരിക ചരിത്രം തയ്യാറാക്കുന്നുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെയും വിവിധ അക്കാദമിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണിത്.  നബാര്‍ഡിന്റെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി നടത്തും.
വനിതാ കമ്മീഷന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, അനര്‍ട്ട്, സാഹിത്യ അക്കാദമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവയുടെ സഹകരണത്തോടെയും പദ്ധതികള്‍ നടപ്പാക്കും. വായന മല്‍സരം, നവോത്ഥാന ചലച്ചിത്ര യാത്ര, ഊര്‍ജഗ്രാമം തുടങ്ങിയ പദ്ധതികളും നടപ്പാക്കും. അക്ഷരായനം കലാജാഥയുടെ 10ാം വാര്‍ഷികം പ്രമാണിച്ച് വിപുലമായ കൂട്ടായ്മയും 10 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഡോക്യുമെന്ററിയും നിര്‍മിക്കും.
ശില്‍പശാല നബാര്‍ഡ് ഏരിയാ ജനറല്‍ മാനേജര്‍ എസ് എസ് നാഗേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി.
Next Story

RELATED STORIES

Share it