malappuram local

ജില്ലയിലെ സ്‌കൂളുകള്‍ സ്മാര്‍ട്ടായി; 5,008 ക്ലാസ്മുറികള്‍ ഹൈടെക്കായി

മലപ്പുറം: ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക്കായി മാറുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 406 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ ക്ലാസ് റൂമുകളും സ്മാര്‍ട് ക്ലാസ് റൂമാക്കാനാണ് ലക്ഷ്യമിടുന്നത്. ആകെയുള്ള 6,875 ക്ലാസ് മുറികളില്‍ 5,008 എണ്ണം ഇതിനകം ഹൈടെക്കായി മാറിയിട്ടുണ്ട്. 1,778 ലാബുകളും ഇതൊടൊപ്പം ഹൈടെക്കായി.
പശ്ചാത്തല സൗകര്യം ഒരുക്കിയ ക്ലാസ് മുറികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ നല്‍കി. സൗകര്യം ഒരുക്കുന്ന മുറയ്ക്ക് ബാക്കിയുള്ള സ്‌കൂളുകള്‍ക്കും നല്‍കും. ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ 2,759 സ്മാര്‍ട്ട് ക്ലാസ് റൂമുകളും രണ്ടാംഘട്ടത്തില്‍ 976 ക്ലാസ് റുമുകളും ഹൈടക്കായി. പിടിഎ ഉള്‍പെടെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ 60 ക്ലാസ് റൂമുകള്‍ നേരത്തെ തന്നെ സ്മാര്‍ട്ടാക്കിയിരുന്നു. ഹൈടെക് ക്ലാസുകളിലേക്കുള്ള ഉപകരണങ്ങള്‍ ഇതിനകം കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്തു. ലാപ്ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രോജക്ടറുകള്‍, പ്രൊജക്ടര്‍ സ്‌ക്രീന്‍, സീലിങ് മൗണ്ടിങ് കിറ്റുകള്‍, എച്ച്ഡിഎംഐ ഫേസ് പ്ലേറ്റുകള്‍, എച്ച്ഡിഎംഐ കേബിളുകള്‍, സൗണ്ട് സിസ്റ്റം എന്നിവയാണ് വിതരണം ചെയ്തത്. ഇവിടങ്ങളില്‍ നെറ്റ്വര്‍ക്കിങ്, ഇന്റര്‍നെറ്റ് കണക്്ഷനുമായി ബന്ധപ്പെട്ട ജോലികളും പുരോഗമിച്ചു വരുന്നുണ്ട്. പശ്ചാത്തല സൗകര്യം ഒരുക്കാത്ത സ്‌കൂളുകള്‍ക്ക് അവ ഒരുക്കുന്ന മുറയ്ക്ക് ഉപകരണങ്ങള്‍ നല്‍കും. ഏതെല്ലാം സ്‌കൂളുകളിലാണ് ക്ലാസ് റൂമുകള്‍ ഒരുക്കാത്തതെന്ന സര്‍വെ നടത്തി വിവരം ശേഖരിക്കുകയും ചെയ്തു. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ കൈകാര്യം ചെയ്യുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ അധ്യാപകര്‍ക്ക് വിഷയാധിഷ്ഠിത, ഐസിടി പരിശീലനം എന്നിവയും നല്‍കിയിരുന്നു. എല്ലാവര്‍ക്കും മുഴുവന്‍ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന ‘സമഗ്ര’ പോര്‍ട്ടല്‍, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ജില്ലയിലെ 90 ശതമാനം സ്‌കൂളുകളില്‍ ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍ നിലവില്‍ വന്നുകഴിഞ്ഞു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസില്‍ ഇവര്‍ക്കു നല്‍കുന്ന അസൈന്‍മെന്റുകള്‍ വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. 20 മുതല്‍ 40 വരെ അംഗങ്ങളുള്ള ഓരോ യൂനിറ്റുകളാണ് ഓരോ സ്‌കൂളിലുമുണ്ടാവുക. ക്ലബിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനവും നടക്കുന്നുണ്ട്.
ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്സ്, അനിമേഷന്‍, സൈബര്‍ സുരക്ഷ, മലയാളം കംപ്യൂട്ടിങ്്, മൊബൈല്‍ ആപ് നിര്‍മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇഗവേണന്‍സ്, വെബ് ടിവി തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യം നല്‍കുന്നതാണ് ലിറ്റില്‍ കൈറ്റ്സ് പദ്ധതി. ഈ കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ക്യാംപുകള്‍, ഇന്‍ഡസ്ട്രി വിസിറ്റുകള്‍ എന്നിവ സംഘടിപ്പിക്കും.
സ്‌കൂളുകളിലെ ഹാര്‍ഡ്വെയര്‍ പരിപാലനം, രക്ഷിതാക്കള്‍ക്കുള്ള കംപ്യൂട്ടര്‍ സാക്ഷരത, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, വിക്ടേഴ്‌സിലേക്കുള്ള ഉള്ളടക്ക നിര്‍മാണം, സ്‌കൂള്‍തല വെബ് ടിവികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകള്‍ സംഘടിപ്പിക്കും. മികച്ച സ്‌കൂളുകള്‍ക്കും ക്ലബംഗങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കും.
Next Story

RELATED STORIES

Share it