malappuram local

ജില്ലയിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ നിര്‍മാണം അവസാനഘട്ടത്തില്‍

മലപ്പുറം: പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി ഒരുങ്ങുന്ന ജില്ലയിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ നിര്‍മാണം അവസാനഘട്ടത്തില്‍. ഇതോടൊപ്പം കുട്ടികളെ ഇ-സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകളും ഈ അധ്യായന വര്‍ഷം ആരംഭിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുങ്ങുന്നത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ 6,869 ഹൈടെക് ക്ലാസ് റൂമുകളാണ് കൈറ്റ് വിഭാവനം ചെയ്യുന്നത്. ഹൈടെക് ആവാനായി തിരഞ്ഞെടുക്കപ്പെട്ട 406 സ്‌കൂളുകളില്‍ 390 സ്‌കൂളുകള്‍ സജ്ജമായിക്കഴിഞ്ഞു. അതേസമയം, 16 സ്‌കൂളുകള്‍ ഇതുവരെ പദ്ധതിയോട് പ്രതികരിച്ചിട്ടില്ല. ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ 2,759 സ്മാര്‍ട്ട് ക്ലാസ് റൂമുകളും രണ്ടാംഘട്ടത്തില്‍ 976 ക്ലാസ് റുമുകളും ഹൈടക്കാക്കി.
പിടിഎ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ 60 ക്ലാസ് റൂമുകള്‍ നേരത്തെ തന്നെ സ്മാര്‍ട്ടായിരുന്നു. ഹൈടെക് ക്ലാസുകളിലേക്കുള്ള ഉപകരണങ്ങള്‍ ഇതിനകം കൈറ്റ് ജില്ലാ കേന്ദ്രത്തില്‍നിന്നു വിതരണം ചെയ്തു കഴിഞ്ഞു. പശ്ചാതല സൗകര്യങ്ങള്‍ ഒരുക്കിയ വിദ്യാലയങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രോജക്ടര്‍, പ്രൊജക്ടര്‍ സ്‌ക്രീനുകള്‍, സീലിങ് മൗണ്ടിങ് കിറ്റുകള്‍, എച്ച്ഡിഎംഐ ഫേസ് പ്ലേറ്റുകള്‍, എച്ച്ഡിഎംഐ കേബിളുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഇതോടൊപ്പമുള്ള സൗണ്ട് സിസ്റ്റം ഈ മാസം തന്നെ നല്‍കും. ഇവിടങ്ങളില്‍ നെറ്റ്‌വര്‍ക്കിങ്, ഇന്റര്‍നെറ്റ് കണക്്ഷനുമായി ബന്ധപ്പെട്ട ജോലികളും പുരോഗമിച്ചുവരികയാണ്. കെല്‍ട്രോണാണ് ജില്ലയിലെ സ്‌കൂളുകളില്‍ നെറ്റ്‌വര്‍ക്കിങ് നടത്തുന്നത്. മൂന്നാംഘട്ടത്തില്‍ 1223 ക്ലാസ്‌റുമുകള്‍ക്കുള്ള നിര്‍ദേശമാണ് വന്നത്. ഇവിടങ്ങളില്‍ പശ്ചാത്തല സൗകര്യങ്ങള്‍ സജീകരിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയ്ക്കായി വിദഗ്ധരടങ്ങിയ ജില്ലാതല പരിശോധനാ സംഘം ഈ മാസം 28 മുതല്‍ 31 വരെ സ്‌കൂളുകള്‍ സന്ദര്‍ശിക്കും. ഇതിനുശേഷം പുതിയ ക്ലാസ്‌റുമുകള്‍ക്കുള്ള അനുമതി നല്‍കും. അനുമതി നല്‍കുന്നതോടെ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഇവിടങ്ങളിലും ഹൈടെക് ക്ലാസ് റൂമുകള്‍ ഒരുങ്ങും. മെയ് 31 നകം മുഴുവന്‍ അധ്യാപകരുടെയും പരിശീലനം പൂര്‍ത്തിയാക്കുമെന്നു കൈറ്റ് ജില്ലാ കോ-ഓഡിനേറ്റര്‍ ടി കെ അബ്ദുല്‍ റഷീദ് പറഞ്ഞു.
Next Story

RELATED STORIES

Share it