palakkad local

ജില്ലയിലെ വിവിധ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളില്‍ സുരക്ഷ കര്‍ശനമാക്കി

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലെ വിവിധ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളില്‍ സുരക്ഷ കര്‍ശനമാക്കിയെന്ന് അധികൃതര്‍. സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തിയ്യതി അടുക്കുന്നതോടെ അതിര്‍ത്തി വഴി തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം ഒഴുകുമെന്നതിനാലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
ജില്ലയിലെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ആകെ ഒമ്പത് എക്‌സൈസ് ചെക്ക്‌പോസ്റ്റുകളാണ് ഉള്ളത്. ആനക്കട്ടി, വാളയാര്‍, വേലന്താവളം, നടുപ്പുണി, കുപ്പാണ്ട കൗണ്ടന്നൂര്‍, ഗോപാലപുരം ബോഡര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം, ചെമ്മണാമ്പതി ചെക്ക്‌പോസ്റ്റുകളില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് യൂനിറ്റിനെ നിയമിച്ചിട്ടുണ്ട്. ഹൈവേ വഴി ചെറിയ വാഹനങ്ങളിലൂടെ മദ്യ, ലഹരി ഉല്‍പന്നങ്ങള്‍ കടത്തുന്നത് തടയാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒരോ ചെക്ക്‌പോസ്റ്റിലും കുറഞ്ഞത് പത്ത് ഉദ്യോഗസ്ഥരെയെങ്കിലും നിയമിക്കും. വാളയാര്‍ ഉള്‍പ്പെടെയുള്ള വാണിജ്യനികുതി ചെക്കപോസ്റ്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും എന്നും എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. അതിര്‍ത്തി സംസ്ഥാനത്തു നിന്നാണ് മദ്യം ജില്ലയിലേക്ക് ഒഴുകുന്നത്. ഇത് തടയാനായി രാത്രികാല പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ സജീവമായ മേഖലകളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും.
വിദ്യാര്‍ഥികളില്‍നിന്നും പൊതുജനങ്ങളില്‍ നിന്നും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണം നടത്തി നടപടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.
Next Story

RELATED STORIES

Share it