wayanad local

ജില്ലയിലെ വിദ്യാലയങ്ങളില്‍ ഗോത്രബന്ധു പദ്ധതി



കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന ജില്ലയായ വയനാട്ടില്‍ ആദിവാസികളുടെ സമഗ്ര ക്ഷേമത്തിന് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു. ഭവനനിര്‍മാണം മുതല്‍ വിദ്യാഭ്യാസ മേഖലവരെ കൂടുതല്‍ കാര്യക്ഷമമവും ദീര്‍ഘവീക്ഷത്തോടുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രാക്തന ഗോത്രവര്‍ഗക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും ജില്ലയില്‍ നൂതന പദ്ധതികള്‍ തുടങ്ങുകയാണ്. ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ഗോത്രബന്ധു പദ്ധതിക്ക് ജില്ലയില്‍ നിന്നാണ് തുടക്കം. ജില്ലയിലെ 241 പ്രൈമറി വിദ്യാലയങ്ങളിലാണ് മെന്റര്‍ ടീച്ചര്‍ എന്ന തസ്തികയില്‍ അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ യുവതീയുവാക്കളെ ഗോത്രബന്ധുവായി നിയമിക്കുന്നത്. ടിടിസി, ബിഎഡ് യോഗ്യതയുള്ളവരെയാണ് പ്രതിമാസം 15,000 രൂപ വേതന നിരക്കില്‍ നിയമിക്കുന്നത്. ഇവരുടെ ശമ്പളം ആദ്യഘട്ടത്തില്‍ തന്നെ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്ക് നാലുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് നേരിടുന്ന ജില്ലയാണ് വയനാട്. ഇതിനൊരു മാറ്റമുണ്ടാക്കാനാണ് ഗോത്രബന്ധു പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ കാരണങ്ങളാല്‍ വിദ്യാലയങ്ങളില്‍ നിന്ന് അകലുന്ന കുട്ടികളെ നിലനിര്‍ത്തുന്നതിന് ഗോത്രബന്ധു സഹായത്തിനെത്തും. ഗോത്രഭാഷയിലുള്ള ആശയ വിനിമയമടക്കം നടത്തി, ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വിദ്യാലയങ്ങളെ ഗോത്രസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജൂണ്‍ നാലിന് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രബന്ധു പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക വിഭാഗം ഏതാണോ ആ വിഭാഗത്തില്‍ നിന്നുമാണ് അതതു പ്രദേശത്തെ സ്‌കൂളില്‍ മെന്റര്‍ അധ്യാപകരെ നിയമിക്കുക. അത്തരത്തില്‍ യോഗ്യതയില്ലാത്തവരുണ്ടെങ്കില്‍ മറ്റു പട്ടികവര്‍ഗ വിഭാഗങ്ങളെ പരിഗണിക്കും. ഗോത്രവര്‍ഗ ഭാഷാ സംസ്‌കാരം, ഗോത്രകാലരൂപങ്ങളിലുള്ള പ്രാവീണ്യം തുടങ്ങിയവയെല്ലാം അധികയോഗ്യതയായി കണക്കാക്കും. ഗോത്രവര്‍ഗക്കാരായ കുട്ടികളെ വിദ്യാലയത്തിലെത്തിക്കുക, പഠനപ്രവര്‍ത്തനങ്ങളില്‍ ഒന്നാം ക്ലാസിലെ അധ്യാപകര്‍ക്കൊപ്പം ഗോത്രവിദ്യാര്‍ഥികളെ സഹായിക്കുക, സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഗോത്രവര്‍ഗ വിദ്യാര്‍ഥികളെയും ഇടപെടുത്തുക തുടങ്ങിയവയാണ് മെന്റര്‍ അധ്യാപകരുടെ ചുമതലകള്‍. പ്രധാനാധ്യാപകരുടെയോ സഹ അധ്യാപകരുടെയോ ക്ലാസുകളില്‍ ഇവര്‍ പകരക്കാരായി ഇവര്‍ പോവാന്‍ പാടില്ല. കോളനികള്‍ കേന്ദ്രീകരിച്ച് പരിഹാരബോധന പ്രവര്‍ത്തനങ്ങളും നടത്തണം. ഗോത്രവര്‍ഗ കുട്ടികളുടെ ഹാജര്‍നില നിരീക്ഷിക്കാനും ഇവരുണ്ടാവും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധചെലുത്തുന്നതോടെ പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. പഠനപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ ബാലസഭ നടത്തും. കുട്ടികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ക്യുമിലേറ്റീവ് റെക്കോഡുകളും മെന്റര്‍ ടീച്ചര്‍ സൂക്ഷിക്കും. പട്ടികവര്‍ഗ വികസന വകുപ്പ്, എസ്എസ്എ, ഡയറ്റ്, വിദ്യാഭ്യാസവകുപ്പ് എന്നീ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും ഗോത്രബന്ധു പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it