kannur local

ജില്ലയിലെ വരള്‍ച്ച നേരിടാന്‍ 100 കുളങ്ങള്‍ നവീകരിക്കുന്നു

കണ്ണൂര്‍: വരള്‍ച്ച നേരിടാനായി ജില്ലയിലെ 100 കുളങ്ങള്‍ നവീകരിക്കാനും അഭിവൃധിപ്പെടുത്താനും പദ്ധതി. ഒരു ലക്ഷം രൂപയാണ് ഒരു കുളം നവീകരിക്കാന്‍ അനുവദിക്കുക. ഇതിനുള്ള ഭരണാനുമതി ലഭിച്ചതായിജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും കഴിയാവുന്ന തുക വകയിരുത്തി മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നു അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഷിക ഫണ്ട് വിനിയോഗം 100 ശതമാനമാക്കാന്‍ എല്ലാ തദ്ദേശ സ്ഥാപന മേധാവികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക വിഹിതം വകയിരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം പുതിയ പദ്ധതി രൂപീകരണത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
ജില്ലയില്‍ പുതിയ നഗരസഭകളായി മാറിയ പഞ്ചായത്തുകള്‍ക്കും കോര്‍പറേഷന്‍ ഭാഗമായ പഞ്ചായത്തുകള്‍ക്കും പദ്ധതി ഫണ്ട് വിനിയോഗത്തില്‍ സാങ്കേതിക ബുദ്ധിമുട്ടുകളുള്ളതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ട്രഷറി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. 2015-16 വര്‍ഷത്തെ പ്രൊജക്റ്റുകള്‍ ഭേദഗതി ചെയ്യാനുള്ള സമയപരിധി ഈമാസം 30 വരെ നീട്ടിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it