wayanad local

ജില്ലയിലെ വയലുകളില്‍ കിണറുകള്‍ പെരുകുന്നു

മാനന്തവാടി: ജില്ലയില്‍ ജലക്ഷാമം രൂക്ഷമായതോടെ വയലുകളില്‍ ചെറുതും വലുതുമായ കിണറുകളുടെ നിര്‍മാണം വര്‍ധിക്കുന്നു. കുന്നിന്‍മുകളിലെയും നിരന്ന പ്രദേശങ്ങളിലെയും കിണറുകളില്‍ വേനലെത്തുന്നതിനു മുമ്പുതന്നെ വറ്റുന്ന സാഹചര്യത്തിലാണ് വയലുകളില്‍ കിണറുകള്‍ വ്യാപിച്ചത്. കുന്നിന്‍ പ്രദേശത്ത് കിണര്‍ കുഴിക്കുന്നതിനേക്കാള്‍ ലാഭകരമായി ഒന്നോ രണ്ടോ സെന്റ് വയല്‍ വിലയ്ക്കു വാങ്ങി കിണര്‍കുഴിച്ച് മോട്ടോര്‍ സ്ഥാപിച്ചാല്‍ യഥേഷ്ടം വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക്. മഴ മാറിയതോടെ ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്ന റിങ് നിര്‍മാണ മേഖലയും സജീവമായി. ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. കിണര്‍ കുഴിച്ച് ആവശ്യത്തിനു വലിപ്പത്തിലുള്ള റിങുകളിറക്കി സുരക്ഷിതമാക്കുന്ന ജോലിയാണ് ഇവര്‍ ഏറ്റെടുത്തു ചെയ്തുവരുന്നത്. ജില്ലയിലെ പ്രകൃതിദത്ത നീരുറവകളുടെ 70 ശതമാനത്തോളം അപ്രത്യക്ഷമായതായും ജലനിര്‍ഗമന ശേഷി നശിച്ചതായും ഈയിടെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. സാധാരണ കിണറുകളും കുഴല്‍ക്കിണറുകളും സുലഭമായി വെള്ളം തരുമെന്ന പ്രതീക്ഷ ഇതോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് നേരത്തെ വ്യാവസായിക ആവശ്യങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനും മാത്രമായി ആശ്രയിച്ചിരുന്ന വയലുകളിലെ വെള്ളത്തെ ഇപ്പോള്‍ സാധാരണക്കാര്‍ ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍, രാസവളവും കര്‍ണാടകയില്‍ നിന്നെത്തുന്ന എല്ലിന്‍പൊടിയും കോഴിവളവും പ്രയോഗിക്കുന്ന വയലുകളില്‍ നിന്നു ലഭിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ തോത് അപകടമാം വിധം ഉയര്‍ന്നതാണെന്ന് ഈയിടെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it