Idukki local

ജില്ലയിലെ രാഷ്ട്രീയ രംഗം കലുഷിതമാവുന്നു

കട്ടപ്പന: സിപിഎം-സിപിഐ കക്ഷികള്‍ തമ്മില്‍ പ്രസ്താവനായുദ്ധം കൊടുമ്പിരി കൊള്ളവേ കോണ്‍ഗ്രസിന്റെ യുവജന വിഭാഗവും രംഗത്തിറങ്ങിയതോടെ സിപിഎം എല്ലാവരെയും ഒന്നിച്ച് നേരിടേണ്ട അവസ്ഥയിലായി. ജില്ലാ സമ്മേളനം കഴിഞ്ഞ് പുതിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിന് ജില്ലയില്‍ കൈമെയ് മറന്ന് പോരാടേണ്ട അവസ്ഥ. സിപിഐയും യൂത്ത് കോണ്‍ഗ്രസ്സും ഒന്നിച്ച് രാഷ്ട്രീയ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്. കൈയേറ്റക്കാരുടെ മിശിഹയാണ് മന്ത്രി എം എം മണിയെ വിശേഷിപ്പിച്ചതിനു മറുപടിയായി സിപിഐയെ മുന്നണിയില്‍നിന്ന് പുറത്താക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ ഏതാനും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത് സിപിഐയെ വല്ലാതെ നോവിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി സിപിഐയുടെ സംസ്ഥാന നേതാക്കളാണ് ഇന്നലെ പറഞ്ഞത്. മൂന്നാര്‍- ദേവികുളം മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ സിപിഎം മുന്‍കൈയെടുത്ത് രൂപീകരിച്ച ജനകീയ മുന്നണിയില്‍ സിപിഐയെ ചേര്‍ത്തില്ല. കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി കൈകോര്‍ത്താല്‍ ജില്ലയില്‍ തങ്ങള്‍ക്ക് മുന്നണിയിലുള്ള പ്രാധാന്യം നഷ്ടപ്പെടുമോയെന്ന ചിന്ത സിപിഐയെ വല്ലാതെ അലട്ടുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് എന്നും കുടിയേറ്റ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലയില്‍ സ്വീകരിച്ചിട്ടുള്ളത്. അത്തരം നിലവാപാടുള്ള കേരളാ കോണ്‍ഗ്രസുമായി ഇടതുമുന്നണി കൈകോര്‍ത്താല്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്ലേശകരമായിരിക്കുമെന്നാണ് സിപിഐ കണക്കുകൂട്ടുന്നത്. ഫെബ്രുവരി 10 മുതല്‍ 14 വരെ നെടുങ്കണ്ടത്തു നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം എന്തുകൊണ്ടും ഇടതുമുന്നണിക്ക് നിര്‍ണായകമായിരിക്കുമെന്നാണു വിലയിരുത്തല്‍. സിപിഎമ്മിനും എംപി ജോയ്‌സ് ജോര്‍ജിനമെതിരേ യൂത്തകോണ്‍—ഗ്രസ് നടത്തുന്ന പടപ്പുറപ്പാടും ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ 60,000 വോട്ടിന് തോല്‍പ്പിച്ച അഡ്വ. ജോയ്‌സ് ജോര്‍ജിനെ ശരിക്കും വെള്ളം കുടിപ്പിക്കുകയാണ് ഡീന്‍ കുര്യാക്കോസ്. തമിഴ് പട്ടികജാതി തൊഴിലാളികളെ കരുവാക്കി വട്ടവടയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ ജോയ്‌സ് ജോര്‍ജ് എംപിക്കും മറ്റു കൈയേറ്റ മാഫിയകള്‍ക്കുമെതിരേ നടപടി സ്വീകരിക്കുക, കുടിയേറ്റ കര്‍ഷകരെ മറയാക്കി കൈയേറ്റ ലോബിയെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ഒന്നിനാണ് കട്ടപ്പനയില്‍നിന്ന് ജനകീയ വിചാരണജാഥ ആരംഭിച്ചത്. ജാഥ ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ കെ മുരളീധരനും. എംപിക്കെതിരേ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പടനീക്കത്തില്‍ ജില്ലയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിക്കുന്നില്ലെങ്കിലും വിഷയം ബഹുജനമധ്യത്തില്‍ എത്തിക്കുന്നതിന് ഡീന്‍ കുര്യാക്കോസിന് കഴിഞ്ഞു.
Next Story

RELATED STORIES

Share it