Pathanamthitta local

ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്നതായി പരാതി



പത്തനംതിട്ട: പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി രൂപീകരിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്നതായി പരാതി. പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍പ്രകാരം അഞ്ചാം ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം ഫെബ്രുവരി രണ്ട് ആയിരുന്നു. റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസില്‍ ഇതുസംബന്ധിച്ച ഫയല്‍ ആരംഭിക്കുന്നത് മൂന്നുദിവസം മുമ്പ് മാത്രമാണെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാവുന്നു. പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നില്ല. റാന്നി ടിഇഒയും എസ്‌സി പ്രൊമോട്ടര്‍മാരും പ്രചാരണം നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നെങ്കിലും ഇത് കാട്ടില്‍ വസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ദലിത് ആദിവാസി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. ഗവിയിലും മറ്റുമുള്ള കുട്ടികളെ രണ്ടു ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ സാധിക്കില്ലെന്നും പകരം വ്യാജ അപേക്ഷകള്‍ ഉണ്ടാക്കി കുത്തിത്തിരുകുകയായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. അപേക്ഷിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പോലും അറിഞ്ഞിട്ടില്ല. 83 അപേക്ഷകള്‍ ലഭിച്ചെന്നാണ് രേഖകള്‍. 12 ദിവസം കഴിഞ്ഞ് നടന്ന പരീക്ഷയ്്ക്ക് രണ്ടുദിവസം മുമ്പ് അറിയിപ്പ് പ്രൊമോട്ടര്‍മാരുടെ കൈയ്യില്‍ കൊടുത്തുവിടുകയായിരുന്നു. ഇവര്‍ ഇത് എത്തിച്ചതുമില്ല. തട്ടിപ്പ് അറിയാതിരിക്കാനായി അയ്യങ്കാളി സ്‌കോളര്‍ഷിപ് പരീക്ഷയ്്ക്ക് വന്ന കുട്ടിളെകൊണ്ട് ഇവിടത്തെ പരീക്ഷ എഴുതിക്കുകയായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. പരീക്ഷയ്‌ക്കെത്തിയ ആദിവാസി കുട്ടികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയായിരുന്നത്രെ. പട്ടികജാതി വികസന വകുപ്പില്‍ അപേക്ഷിച്ചവരെ പരിഗണിച്ചതുമില്ല. പ്രവേശനത്തിന് ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അന്വേഷിച്ച രക്ഷകര്‍ത്താക്കളോട് അധിക്ഷേപ വാക്കുകള്‍ പറയുകയായിരുന്നു ഉദ്യോഗസ്ഥര്‍ എന്നും ഭാരവാഹികള്‍ ആരോപിക്കുന്നു. നിലവില്‍ 136 കുട്ടികള്‍ക്കാണ് അഡ്മിഷന്‍. 76 കുട്ടിള്‍ക്ക് ഇനിയും അഡ്മിഷന്‍ നല്‍കാന്‍ കഴിയും. ഡയറക്ടറുടെ                      സര്‍ക്കുലര്‍ പ്രകാരം ഏപ്രില്‍ 24ന് അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. എന്നാല്‍ സ്‌കൂള്‍ തുറക്കാന്‍ അഞ്ചുദിവസം മാത്രം ശേഷിക്കെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ടപ്പോള്‍ റാന്നി ഓഫിസില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചാലുടന്‍ ലിസ്റ്റ് തയ്യാറാക്കുമെന്നാണ് അറിയിച്ചത്.  ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ദലിത് ആദിവാസി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പറയുന്നു. ആദിവാസി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുകയും അവരെ വഞ്ചിക്കുകയും വ്യാജ അപേക്ഷ ചമയ്്ക്കുകയും ചെയ്ത റാന്നി ടിഡി ഓഫിസിലെ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ദലിത് ആദിവാസി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എം ജി മനോഹരന്‍, ജനറല്‍ സെക്രട്ടറി കെ കെ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എ പി ഗോപാലന്‍, ആനന്ദന്‍ ഇടവട്ടം, എന്‍ കെ അമ്പിളി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it