ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ ജനസൗഹൃദമാവുന്നു

കോട്ടയം: ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകള്‍ ജനസൗഹൃദമാവുന്നു. ഇതു സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി നടത്തിയ ശില്‍പ്പശാല കലക്ടര്‍ ഡോ. ബി എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി എസ് ഷിനോ വിഷയം അവതരിപ്പിച്ചു. പ്രോജക്ട് ഡയറക്ടര്‍ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. ശില്‍പ്പശാലയില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ നടയത്ത്, സന്തോഷ് എന്നിവര്‍ ക്ലാസെടുത്തു.
ജില്ലയിലെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ള ഏക ബ്ലോക്ക് പഞ്ചായത്താണു ളാലം. ബ്ലോക്ക് പഞ്ചായത്തുകളില്‍ അവയുടെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് നടപ്പാക്കുന്നതിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തനങ്ങള്‍ ജനസൗഹൃദമാക്കുക, ഓഫിസ് സംവിധാനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തുക, സേവനങ്ങള്‍ സമയ ബന്ധിതമാക്കുക, ജനസേവനപ്രദാന സംവിധാനം തുടര്‍ച്ചയായി മെച്ചപ്പെടുത്തുക, പശ്ചാത്തല സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും നിലവാരമുയര്‍ത്തുക, പ്രകൃതി സംരക്ഷണം, ശുചിത്വം എന്നിവയ്ക്കു പ്രാധാന്യം നല്‍കുക, എല്ലാ പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുക, സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, കുട്ടികള്‍ വയോജനങ്ങള്‍, സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും സമത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ സേവനപ്രദാന സംവിധാനം ഏര്‍പ്പെടുത്തുക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു റാമ്പ്, പൊതുജനങ്ങള്‍ക്ക് ഇരിക്കുവാനും എഴുതുവാനുമുള്ള സൗകര്യവും സ്‌റ്റേഷനറിയും, കുടിവെള്ളം, വായനാ കോര്‍ണര്‍, ടെലിവിഷന്‍, തപാല്‍പെട്ടി, പരാതിപ്പെട്ടി എന്നിവ സജ്ജീകരിക്കുക, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുളള ടൊയ്‌ലറ്റ്, സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളോടുകൂടിയ ടൊയ്‌ലറ്റ് ഇവ നിര്‍മിക്കുക, മുലയൂട്ടുന്ന അമ്മയ്ക്കും കുഞ്ഞിനും സ്വകാര്യത ഉറപ്പുവരുത്തുന്ന പ്രത്യേക സൗകര്യം, പ്രഥമ ശുശ്രൂഷാ കിറ്റ്.
ടച്ച് സ്‌ക്രീന്‍ (സേവനങ്ങളുടെ അവസ്ഥ അറിയാന്‍), അപേക്ഷ, കത്തുകള്‍ ഇവ ഓഫിസിലും ഘടക സ്ഥാപനങ്ങളിലും സ്വീകരിച്ചാല്‍ കൈപ്പറ്റു രസീത് കൊടുക്കാനുള്ള സംവിധാനം, പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിലേയ്ക്കായി കമ്മിറ്റികളുടെ തീയ്യതി, അജണ്ട, മിനിട്‌സ് എന്നിവയും ഗുണഭോക്തൃ പട്ടികയും 48 മണിക്കൂറിനകം ബ്ലോക്ക് പഞ്ചായത്ത് വെബ്‌സെറ്റില്‍ പ്രദര്‍ശിപ്പിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ബ്ലോക്കുകള്‍ ജനസൗഹൃദ സദ്ഭരണ കേന്ദ്രങ്ങളാക്കുകയെന്ന് അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി എസ് ഷിനോ അറിയിച്ചു.
Next Story

RELATED STORIES

Share it